കൊല്ലം: ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെയും വൃത്തിഹീനമായ നിലയിലും പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയ ജില്ലയിലെ പത്ത് ഹോട്ടലുകള്‍ ഇന്ന് (07 മെയ് 2022) പൂട്ടിച്ചു. നിരവധി സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി പിഴയും ഈടാക്കി. സംസ്ഥാനത്ത് വ്യാപകമായി ഭക്ഷ്യവിഷബാധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജില്ല ആരോഗ്യ വകുപ്പും, ഭക്ഷ്യ വകുപ്പും സംയുക്തമായാണ് നഗരത്തിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ഇന്ന് പരിശോധന നടത്തിയത്.
കാവനാട് ജംഗ്‌ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് ഹോട്ടലുകളും, ആല്‍ത്തറമൂട്, പള്ളിമുക്ക് എന്നീ പ്രദേശങ്ങളിലെ ഓരോ ഹോട്ടലുകളുമാണ് ഇന്ന് അടപ്പിച്ചത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണസംഘം വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ പരിശോധനകല്‍ ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വേണ്ടത്ര ശീതീകരണമില്ലാത്ത ഫ്രീസറുകളില്‍ സൂക്ഷിച്ചിരുന്ന മത്സ്യവും, മാംസവും, പച്ചക്കറികളും ഉള്‍പ്പടെ ഇന്ന് പല സ്ഥലങ്ങളില്‍ നിന്നും പരിശോധനസംഘം കണ്ടെടുത്തു. കവറുകളില്‍ സൂക്ഷിച്ചിരുന്ന പഴവര്‍ഗങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. കടകളില്‍ സൂക്ഷിച്ചിരുന്ന പഴകിയ ഇറച്ചി, ഭക്ഷണ സാധനങ്ങളും എന്നി കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്.