കൊല്ലം: ജില്ലയില്‍ ഇന്ന് എട്ടു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏഴു പേര്‍ വിദേശത്തു നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. നാലുപേര്‍ സൗദിയില്‍ നിന്നും രണ്ടുപേര്‍ കുവൈറ്റില്‍ നിന്നും ഒരാള്‍ ഖത്തറില്‍ നിന്നും ഒരാള്‍ മുംബൈയില്‍ നിന്നുമാണ് എത്തിയത്. ജില്ലയിൽ ഇന്ന് 23 പേർ രോഗമുക്തി നേടി. അതേസമയം, സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം അതിവേഗം കണ്ടെത്തുന്നതിനും നിയന്ത്രണ നടപടികള്‍ കൈക്കൊള്ളുന്നതിനും സഹായകമായ ആന്‍റിജൻ ടെസ്റ്റ് ജില്ലയില്‍ ആരംഭിച്ചു. ടെസ്റ്റ് കഴിഞ്ഞ് 15 മിനിറ്റിനകം ഫലം അറിയാമെന്നതാണ് ആന്‍റിജന്‍ ടെസ്റ്റിന്‍റെ സവിശേഷതയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍. ശ്രീലത അറിയിച്ചു. ഇതോടെ ജില്ലയില്‍ ആര്‍ടിപിസിആര്‍ സ്വാബ് ടെസ്റ്റിങ്, ട്രൂ നാറ്റ്, ആന്‍റിജന്‍ എന്നിങ്ങനെ മൂന്നു തരം ടെസ്റ്റിങ് നിലവിലുണ്ട്. കൂടാതെ രോഗം വന്നുപോയവരെ തിരിച്ചറിയുന്നതിന് വണ്‍ ടൈം ആന്‍റിബോഡി പരിശോധനയും നടത്തി വരുന്നു.
ആദ്യഘട്ടത്തില്‍ കണ്ടെയ്‌ൻമെന്‍റ് സോണുകളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും തുടര്‍ന്ന് സാമൂഹിക ഇടപെടല്‍ കൂടുതലായി കാണുന്ന സ്ഥലങ്ങളിലും മുഖ്യധാരയില്‍ നിരന്തരം ഇടപെടുന്ന വിവിധ വിഭാഗങ്ങളിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍, തദ്ദേശസ്വയംഭരണ വകുപ്പിലെ ജീവനക്കാര്‍, കടയുടമകള്‍, സെയില്‍സ് പേഴ്‌സണ്‍, ഹാര്‍ബറുകളില്‍ പണിയെടുക്കുന്നവര്‍, രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ എന്നിവരെയാണ് പരിശോധിക്കുക. ആന്‍റിജന്‍ പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ ജില്ലയില്‍ ശേഖരിക്കുന്നതിന്‍റെ ജില്ലാതല ഉദ്ഘാടനം സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍, കൊല്ലം റൂറല്‍ എസ് പി ഹരിശങ്കര്‍ എന്നിവര്‍ ചേർന്ന് നിർവഹിച്ചു. ആദ്യദിനം പരിശോധിച്ച 167 സാമ്പിളുകളും നെഗറ്റീവായിരുന്നു.