കൊല്ലം: ജില്ലയിൽ കൊവിഡ് ചികിത്സയുടെ പേരിൽ രോഗികളിൽ നിന്ന് അമിത തുക ഈടാക്കി സ്വകാര്യ ആശുപത്രികൾ. ചികിത്സ ചിലവെന്ന പേരിൽ രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപവരെയാണ് ആശുപത്രികൾ ഈടാക്കുന്നത്. കൊല്ലത്തെ പ്രധാനപ്പെട്ട മൂന്ന് ആശുപത്രികൾക്കെതിരെയാണ് നിലവിൽ പരാതി ഉയരുന്നത്. അയത്തിൽ പ്രവർത്തിക്കുന്ന മെഡിട്രീന ആശുപത്രിയിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിക്ക് നൽകിയ ബിൽ തുക അഞ്ച് ലക്ഷത്തിലേറെയാണ്.
Also Read: കൊവിഡ് കൊള്ളയ്ക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി
ഐസിയുവിൽ കഴിഞ്ഞതിന് പ്രതിദിനം 12000 രൂപയിലേറെയാണ് മെഡിട്രീന അധികൃതർ ഈടാക്കിയതെന്ന് രോഗികൾ പറയുന്നു. മാത്രമല്ല ഐസിയുവിൽ ഒരോ തവണ ഡോക്‌ടർ സന്ദർശിക്കുമ്പോഴും 2000 രൂപ ഇടാക്കിയെന്നാണ് ആരോപണം. മെഡിസിറ്റിയിലും, കരുനാഗപ്പള്ളിയിലെ വലിയത്ത് ആശുപത്രിയിലും സാഹചര്യങ്ങൾ സമാനമാണ്. മൂന്ന് ലക്ഷത്തിലധികം രൂപ അടയ്ക്കാൻ കഴിയാതെ വന്നതോടെ കോവിഡ് രോഗിയുടെ മൃതദേഹം വിട്ട് നൽകാത്ത സംഭവവും ജില്ലയില്‍ ഉണ്ടായി. അതേ സമയം ഐസിയുവിലും വെൻ്റിലേറ്ററിലും കിടന്നതിൻ്റെ സ്വാഭാവിക നിരക്കാണ് രോഗികളിൽ നിന്ന് ഈടാക്കിയതെന്ന് മെഡിട്രീന ആശുപത്രി അധികൃതർ പറഞ്ഞു.