കൊല്ലം: അഗ്‌നിശമന സേന ജീവനക്കാരനെ കടയ്ക്കൽ സിഐ ക്രൂരമായി മർദ്ദിച്ചതായി പരാതി. കടക്കൽ ഫയർ സ്റ്റേഷനിലെ ബീറ്റ് ഓഫീസർ നിഷാലിനെയാണ് സി.ഐ രാജേഷ് മർദിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന രോഗിക്ക് അത്യാവശ്യം മരുന്ന് എത്തിക്കുന്നതിനിടെയാണ് നിഷാലിന് മർദനമേറ്റത്.
കുമ്മിൾ ജംങ്ഷന് സമീപത്ത് വച്ച് രോഗിയുടെ ബന്ധുവില്‍ നിന്നും മരുന്ന് കുറിപ്പ് വാങ്ങുന്നതിനിടയിലാണ് മർദനം. സ്ഥലത്തെത്തിയ സി.ഐ വാഹനം നിർത്തി ചൂരൽ കൊണ്ട് നിഷാലിനെ മർദിച്ചെന്നാണ് ആരോപണം. അഗ്‌നിശമന സേന ഉദ്യോഗസ്ഥൻ ആണെന്ന് പലതവണ പറഞ്ഞിട്ടും സിഐ രാജേഷ് മർദിച്ചെന്ന് നിഷാൽ പറയുന്നു. തുടർന്ന് ഓഫീസിൽ തിരിച്ചെത്തി സ്റ്റേഷൻ ഓഫീസറോട് വിവരം പറയുകയായിരുന്നു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ നിഷാല്‍ സിഐക്കെതിരെ റൂറല്‍ എസ്.പിക്ക് പരാതി നല്‍കി.
അഗ്‌നിശമന സേനയിൽ സ്തുത്യർഹമായ സേവനം നടത്തിയതിന് 2018ൽ മുഖ്യമന്ത്രി പിണറായി വിജയൻ നിഷാലിനെ ആദരിച്ചിരുന്നു. കഴുത്തിൽ ഉണ്ടായ ഗുരുതര അസുഖത്തെ തുടർന്ന് ഓപ്പറേഷൻ കഴിഞ്ഞ് വീണ്ടും ജോലിയിൽ പ്രവേശിച്ചത് സമീപ കാലത്താണ് .