കൊല്ലം: ട്രെയിനിൽ കടത്തിയ 20 കിലോ കഞ്ചാവ് പിടികൂടി. ചെന്നൈ എഗ്‌മോറിൽ നിന്നും കൊല്ലം വരെ പോകുന്ന 16723 നമ്പർ അനന്തപുരി എക്‌സ്‌പ്രസ് ട്രെയിനിന്‍റെ എസ്3 കമ്പാർട്മെന്‍റിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
ഇന്ന് വൈകുന്നേരം കൊല്ലം റയിൽവേ സ്റ്റേഷൻ കേന്ദ്രികരിച്ച് എക്‌സൈസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും റെയിൽവേ പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിത്. മൂന്ന് ഷോൾഡർ ബാഗുകളിലായാണ് കഞ്ചാവ് ഒളിച്ചു വച്ചിരുന്നത്. ഒരു ബാഗിൽ അഞ്ച് കിലോ, രണ്ടാമത്തെ ബാഗിൽ എട്ട് കിലോ മൂന്നാമത്തെ ബാഗിൽ ഏഴ് കിലോ എന്നീ അളവിൽ കഞ്ചാവ് നിറച്ചുവച്ചിരുന്നു.
രണ്ട് കിലോ, ഒരു കിലോ, ½ കിലോ, 250 ഗ്രാം എന്നീ വിവിധ അളവുകളിലാക്കി പൊതിഞ്ഞ 11 പാക്കറ്റ് കഞ്ചാവാണ് മൂന്ന് ബാഗുകളിലായി പിടികൂടിയത്. ഒരു ബാഗിന്‍റെ പൗച്ചിൽ നിന്നും രണ്ട് സിം കാർഡുകളും ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പരിശോധന ഭയന്ന് പിടിക്കപ്പെടാതിരിക്കാനായി ആരോ ഉപേക്ഷിച്ചതാകാം ഇവ എന്നാണ് പൊലീസ് സംശയിക്കുന്നത്.
ALSO READ: അശ്രദ്ധമായി കാറോടിച്ച് യുവാവ്; പിന്‍തുടര്‍ന്ന് എക്സൈസ് സംഘം, പിടിച്ചെടുത്തത് മാരക മയക്കുമരുന്ന്
ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷങ്ങൾക്ക് ശേഷം പരിശോധനകൾ കുറയുമെന്ന കണക്കുകൂട്ടലിലാണ് കഞ്ചാവ് കടത്തുകാർ സജീവമായത്. പിടികൂടിയ കഞ്ചാവ് ആന്ധ്രയിൽ നിന്നും തമിഴ്‌നാട് വഴി കടത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. വിപണിയിൽ ഇവയ്ക്ക് 10 ലക്ഷം രൂപയോളം വരെ വിലയുള്ളതാണെന്ന് പൊലീസ് പറയുന്നു. കൊല്ലം അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണർ വി. റോബർട്ട്, കൊല്ലം ഇൻസ്‌പെക്ടർ ഓഫ് റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് രജനി നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്.
ഈ മാസം അഞ്ചിനും സമാന രീതിയിൽ കൊല്ലം ആർ.പി.എഫും എക്‌സൈസും ചേർന്ന് ട്രെയിനിൽ നിന്നും 10 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കഞ്ചാവ് കൃഷി ചെയ്യുന്ന ആന്ധ്രാപ്രദേശിലെ പ്രദേശങ്ങളിൽ വിളവെടുപ്പ് സമയമാണ് ഇപ്പോൾ. ഈ സീസണിൽ വളരെ കുറഞ്ഞ വിലയ്ക്കും ആന്ധ്രപ്രദേശിൽ കഞ്ചാവ് ലഭിക്കും. വലിയ അളവിലുള്ള കഞ്ചാവ് കടത്തിന് വിലക്കുറവും ഒരു കാരണമാണ്.
വലിയ അളവിൽ കഞ്ചാവ് കൈവശം വയ്ക്കുന്നത് 20 വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. സംഭവത്തിൽ കൊല്ലം എക്‌സൈസ് റേഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ടെടുത്ത സിം കാർഡുകൾ കേന്ദ്രികരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ബി. സുരേഷ് അറിയിച്ചു.