കൊല്ലം: പൊതുവിപണിയിൽ 20 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് പിടികൂടി. കൊട്ടിയം സ്വദേശിയായ കല്ലുവിള കിഴക്കതിൽ നിഫി(22) ന്റെ വീട്ടിൽ നിന്നാണ് പുകയില പിടികൂടിയത്. നിർത്തിയിട്ട പച്ചക്കറി ലോറിയിലും കിടപ്പുമുറിയിലുമായാണ് പുകയില ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്നത്.
തുച്ഛമായ വിലക്ക് വാങ്ങുന്ന പുകയില ഉൽപന്നങ്ങൾ കർണാടകയിൽ നിന്നും പച്ചക്കറി കയറ്റി വരുന്ന ലോറികളിൽ തൃശൂരിൽ എത്തിക്കും. ശേഷം മിനി ലോറികളിൽ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ട് പോയി ഭീമമായ വിലക്ക് ചെറുകിട കച്ചവടക്കാർക്ക് വിൽക്കും. കർണാടകയിൽ പാൻമസാല എത്തിച്ച് കൊടുക്കുന്ന മലയാളിയെ കുറിച്ചും തൃശൂറിലെ ഇടനിലക്കാരനെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും എക്സൈസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ലോറിയിൽ ഉണ്ടായിരുന്ന പച്ചക്കറികൾ ഓച്ചിറയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഉപയോഗിക്കുന്നതിനായി കരുനാഗപ്പള്ളി തഹസിൽദാർ സബിതാബീഗം ഏറ്റുവാങ്ങി.