കൊല്ലം: കൊവിഡ് ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ സ്‌കൂളുകള്‍ കാണാതെ കൊല്ലം ജില്ലയിൽ 20,711 കുരുന്നുകൾ ഇന്ന് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടി. ഗൂഗിൾ മീറ്റിലൂടെ പൂർണമായും ഓൺലൈനായിട്ടാണ് പ്രവേശനോത്സവം നടന്നത്. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ച ശേഷമാണ് ജില്ലാതല പ്രവേശനോത്സവം നടന്നത്. കൊല്ലം കോർപ്പറേഷന് കീഴിലുള്ള ടൗണ്‍ യുപിഎസില്‍ നടന്ന പ്രവേശനോത്സവം സ്‌കൂള്‍ പിടിഎ പ്രസിഡൻ്റ് റിൻസി അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്‌തു.
ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണിയും വിദ്യാർഥികൾക്ക് പ്രവേശനോത്സവ സന്ദേശം നൽകി. ജില്ല പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ ഡാനിയേൽ ആശംസകൾ നേർന്നു. കോർപ്പറേഷൻ പരിധിയിലെ സ്‌കൂളുകളിലെ ചടങ്ങിൽ മേയർ പ്രസന്ന ഏണസ്റ്റും സ്ഥിരം സമിതി അധ്യക്ഷൻമാരും ആശംസ സന്ദേശം നൽകി. വിദ്യാർഥികളുടെ അഭിരുചികൾക്കും കലാവാസനകൾക്കും പ്രാമുഖ്യം നൽകിയാണ് പ്രവേശനോത്സവം നടന്നത്.
Read more: കൊവിഡ് വെല്ലുവിളിക്കിടെ ഇന്ന് സംസ്ഥാനത്ത് പ്രവേശനോത്സവം