കാസർകോട്: പ്ലാന്‍റേഷൻ കോർപ്പറേഷന്‍റെ കാസർകോട് എസ്‌റ്റേറ്റിലെ തൊഴിലാളി സമരം 44-ാം ദിവസത്തിലേക്ക്. ഏട്ടുമാസമായി ജോലിയും കൂലിയുമില്ലാതായതോടെ മുളിയാർ പ്ലാന്‍റേഷൻ കോർപ്പറേഷൻ എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. ആറ് തൊഴിലാളികൾക്കാണ് മാനേജ്മെന്‍റ് ജോലി നിഷേധിച്ചത്. ഇതോടെ ഇവർ സമരത്തിന് ഇറങ്ങിയെങ്കിലും അധികൃതർക്ക് കണ്ടഭാവമില്ല.
കശുവണ്ടി തോട്ടത്തിലെ തൊഴിലാളികളായ സ്‌ത്രീകളെ താത്‌കാലികമായി റബർ ടാപ്പിങ് ജോലി ചെയ്യാൻ മാനേജ്മെന്‍റ് നിർബന്ധിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രാവീണ്യം വേണ്ട ജോലി ആയതിനാലും, ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ടാപ്പിങ് ജോലി ചെയ്യാൻ സാധിക്കാത്തതിനാൽ കശുവണ്ടി തോട്ടത്തിലേക്ക് തന്നെ തിരികെ എടുക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. എന്നാൽ തൊഴിലാളികളുടെ ആവശ്യത്തോട് മാനേജ്മെന്‍റ് മുഖം തിരിക്കുകയായിരുന്നു. ഇതോടെയാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്.
പ്രതികരിക്കുന്നവർക്ക് നിരന്തരം നോട്ടിസ് അയച്ചു. അതിനിടെ സമരത്തിൽ പങ്കെടുത്ത എട്ട് തൊഴിലാളികളെ കൂടി മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്‌തു. ഇതോടെ കാസർകോട് എസ്‌റ്റേറ്റിന് കീഴിലെ മറ്റ് ഡിവിഷനിലുകളിലെയും തൊഴിലാളികൾ പണിമുടക്കി സമരത്തിനൊപ്പം ചേർന്നു. റബർ ടാപ്പിങ് ചെയ്യാൻ കഴിയില്ലെങ്കിൽ മറ്റ് തൊഴിലിനും വരേണ്ടതില്ലെന്നതാണ് മാനേജ്‌മെന്‍റ് നിലപാടെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. സമവായ ചർച്ചയ്ക്ക് പോലും മാനേജ്മെന്‍റ് തയാറാകാത്തതോടെ ശക്തമായ സമരവുമായി മുന്നോട് പോകാനാണ് തൊഴിലാളികളുടെ തീരുമാനം.