കാസർകോട് : കേരളത്തിന്‍റെ നികുതി ഭാരത്തിൽ കോളടിച്ച് അതിർത്തികളിലെ പെട്രോൾ പമ്പുകൾ. സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ ഇന്ധനം' ഫുൾ ടാങ്ക്' ആണെങ്കില്‍ കേരള-കർണാടക അതിർത്തികളിലെ പമ്പുകളില്‍ വാഹനങ്ങൾ നിറഞ്ഞ് ഇന്ധനം വേഗത്തില്‍ കാലിയാവുകയാണ്. കേരളത്തിൽ ഇന്ധനത്തിന് രണ്ടുരൂപ കൂടിയതോടെ തലപ്പാടിയിലെ പെട്രോൾ പമ്പില്‍ വാഹനങ്ങൾ കൂട്ടത്തോടെ എത്തിയപ്പോൾ ഉച്ചയാകുമ്പോഴേക്കും ഇന്ധനം തീർന്നിരുന്നു.
ഇന്ധനത്തിനായി അതിര്‍ത്തി കടന്ന് : കേരളത്തെ അപേക്ഷിച്ച് കർണാടകത്തിൽ പെട്രോളിന് എട്ട് രൂപയും ഡീസലിന് 10 രൂപയും വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ തലപ്പാടി, ഗാളിമുഖ പെട്രോൾ പമ്പുകളിൽ രാവിലെ മുതൽ തന്നെ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൽ ഭൂരിഭാഗവും മലയാളികളുമായിരുന്നു. വാഹനങ്ങളില്‍ ഇന്ധനം ഫുൾ ടാങ്ക് നിറച്ചാണ് എല്ലാവരും തന്നെ മടങ്ങിയതും. മാത്രമല്ല കന്നാസുകളിലും പെട്രോൾ - ഡീസല്‍ കടത്ത് വ്യാപകമായി നടക്കുന്നുണ്ട്.
നേരത്തെ കേരളത്തെ അപേക്ഷിച്ച് ഒരു ലിറ്റര്‍ പെട്രോളിന് ആറ് രൂപയുടെയും ഡീസലിന് എട്ട് രൂപയുടെയും വിലക്കുറവാണ് കര്‍ണാടകയിലുണ്ടായിരുന്നത്. ഏപ്രിൽ ഒന്ന് മുതൽ രണ്ടുരൂപ സെസ് ഏർപ്പെടുത്തിയതോടെയാണ് ഇതില്‍ വലിയ വ്യത്യാസം വന്നത്. മാത്രമല്ല കാസര്‍കോട്ടുകാരില്‍ പലരും ജില്ലയിലെ പെട്രോള്‍ പമ്പുകളെ കൈയൊഴിഞ്ഞ അവസ്ഥയാണിപ്പോള്‍. മഞ്ചേശ്വരത്തെ പെട്രോൾ പമ്പിൽ നേരത്തെ 10 ലക്ഷം രൂപയുടെ വില്‍പ്പനയാണ് നടന്നതെങ്കിൽ നിലവില്‍ ഒന്നര ലക്ഷം തികയ്‌ക്കാന്‍ പാടുപെടുകയാണെന്ന് ജീവനക്കാർ പറയുന്നു.
വാഹനങ്ങള്‍ക്ക് 'സ്‌റ്റോപ്പില്ലാതെ കേരളം' : കാസർകോട് നിന്നുള്ള ഭൂരിഭാഗം ബസുകളും ഇതുവഴിയുള്ള ചരക്ക് ലോറികളും തലപ്പാടിയിൽ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. ഇതോടെ കർണാടകയില്‍ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന പെട്രോൾ പമ്പുകള്‍ തലപ്പാടിയിലായിരിക്കുകയാണ്. കർണാടകയെ കൂടാതെ ഇന്ധന വിലയിലെ കുറവ് പ്രയോജനപ്പെടുത്താൻ പുതുച്ചേരി സംസ്ഥാനത്തിന്‍റെ ഭാഗമായ മാഹിയിലെ പെട്രോൾ പമ്പുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ പെട്രോൾ ലിറ്ററിന് 14 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയും മാഹിയിൽ കുറവാണ്. മാഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ഇന്ധനക്കടത്തും വർധിച്ചിട്ടുണ്ട്.
അതായത് കാറിന്‍റെ ഫുൾ ടാങ്ക് കപ്പാസിറ്റി 35 ലിറ്റർ ആണെങ്കിൽ ഒരു തവണ മാഹിയിൽ നിന്ന് പെട്രോൾ നിറച്ചാൽ 504 രൂപ ലാഭം. 125 ലിറ്റർ ടാങ്കുള്ള ചരക്ക് വാഹനമെങ്കിൽ ഫുൾ ടാങ്ക് ഡീസലടിച്ചാൽ 1675 രൂപ ലാഭിക്കാം. അതുകൊണ്ടുതന്നെ മാഹിയിലെ പമ്പുകളിലെല്ലാം വൻ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ചെറിയ അളവിൽ ഇന്ധനം നിറച്ചാൽ പോലും പണം ലാഭിക്കാമെന്നതിനാല്‍ തന്നെ മാഹി വഴി കടന്നുപോകുന്നവരെല്ലാം ഇന്ധനം നിറയ്ക്കാനുള്ള തിരക്കിലാണ്. 17 പെട്രോൾ പമ്പുകളാണ് നിലവിൽ മാഹിയിലിലുളളത്. ഇവിടെ എല്ലാം തന്നെ പ്രതിദിനം വൻ കച്ചവടവുമാണ് നടക്കുന്നത്.
ശ്രദ്ധ പിടിക്കാന്‍ ബോര്‍ഡുകളും: അതിര്‍ത്തി കടക്കുന്ന യാത്രികരുടെ ശ്രദ്ധ കവരാനായി കേരളത്തേക്കാള്‍ പെട്രോളിന് വില കുറവാണെന്ന് ഇംഗ്ലീഷില്‍ എഴുതിയ ബോര്‍ഡുകള്‍ പമ്പ് ജീവനക്കാര്‍ പ്രദര്‍ശിപ്പിച്ചത് മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതേസമയം സംസ്ഥാനത്തെ ഇന്ധന വില വര്‍ധനയില്‍ പൊറുതി മുട്ടി വാഹന ഉടമകളെല്ലാം ഇത്തരത്തില്‍ കര്‍ണാടകയെ ആശ്രയിച്ചാല്‍, സംസ്ഥാനത്തെ വരുമാനത്തിന്‍റെ പ്രധാന സ്രോതസുകളിലൊന്നായി കരുതപ്പെടുന്ന ഇന്ധന മേഖലയില്‍ ചെറിയ തോതിലാണെങ്കിലും അത് പ്രതിഫലിച്ചേക്കാം.