കാസർകോട് : ഇടുക്കി പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ വഞ്ചിവയൽ എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് കാസർകോടേക്കുള്ള ഷിനുവിന്‍റെ യാത്ര ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എത്രത്തോളം പഠിക്കാൻ പറ്റുമോ, അത്രയും പഠിക്കണമെന്ന മാതാപിതാക്കളുടെ ഉപദേശവും കഠിനാധ്വാനവും ഷിനുവിനെ എത്തിച്ചത് തഹസിൽദാരുടെ കസേരയിലാണ് (In the Position of Tehsildar without losing to the outcasts).
പത്താം ക്ലാസിൽ സ്‌കൂളിന്‍റെ നൂറുമേനി വിജയത്തിന് വിലങ്ങുതടിയാവുമെന്ന മുൻവിധിയോടെ സ്‌കൂളിൽ നിന്ന് പറഞ്ഞയച്ച ആദിവാസി വിദ്യാർഥിയായിരുന്നു ഷിനു (V Shinu Tahsildar Kasaragod). ഇംഗ്ലീഷ് അറിയില്ലെന്ന കാരണം പറഞ്ഞാണ് അന്ന് ഷിനുവിനെ ഒഴിവാക്കിയത്. ആ സംഭവം ഇന്നും ഷിബുവിന്‍റെ മനസിൽ മായാതെ കിടപ്പുണ്ട്. സ്‌കൂളിൽ നിന്നും പുറത്താക്കിയതിനെക്കാൾ മാതാപിതാക്കളുടെ വിഷമവും അവർക്കുണ്ടായ നാണക്കേടും ഏറെ വേദനിപ്പിച്ചതെന്നു ഷിനു പറയുന്നു.
അവിടെ നിന്നും ഇങ്ങോട്ട്, തന്നെ അവഗണിച്ചവർക്ക് മുന്നിൽ മത്സരിച്ചു പഠിച്ചു. ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നിന്നും പുറത്താക്കിയെങ്കിലും പഠനം ഉപേക്ഷിക്കാതെ ഷിനു വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്‌കൂളിൽ ചേർന്നു. 2004-ൽ എസ്എസ്എൽസി ഫസ്റ്റ് ക്ലാസോടെ ജയിച്ചു. മണ്ണെണ്ണ വിളക്കിന്‍റെ വെട്ടത്തിലായിരുന്നു പഠനം. അക്കാലത്ത് വൈദ്യുതി ആ പ്രദേശത്ത് എത്തിയിട്ടില്ലായിരുന്നു. കാട്ടു വഴികളിലൂടെയായിരുന്നു സ്‌കൂളിലേക്കുള്ള യാത്ര. ഏതു സമയവും വന്യമൃഗങ്ങൾ ചാടി വീഴും എന്ന ഭീതി മനസിൽ ഉണ്ടാകും. വന്യ മൃഗങ്ങളെ പേടിച്ച് ചില സമയങ്ങളിൽ സ്‌കൂളിൽ പോകാനും സാധിക്കില്ല.
പ്ലസ് ടു പഠിക്കുന്ന സമയത്താണ് വൈദ്യുതി വെട്ടം വീട്ടിൽ എത്തുന്നതെന്ന് ഷിനു ഓർക്കുന്നു. പിന്നീട് ഉന്നത പഠനത്തിനായി തിരുവനന്തപുരത്തേക്ക് വണ്ടികയറി. ഗവ. ആർട്‌സ് കോളജിൽ നിന്ന് ബയോടെക്നോളജിൽ ബിരുദവും കാര്യവട്ടം കാമ്പസിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് അതേ കാമ്പസിൽനിന്നും ബയോ ഇൻഫർമാറ്റിക്‌സിൽ എംഫിലും കരസ്ഥമാക്കി. ഇതിനിടയിൽ രണ്ട് വർഷം ഒരു പ്രമുഖ കോഫി ഷോപ്പിൽ ജോലിചെയ്‌തു. അപ്പോഴും സർക്കാർ ജോലി എന്ന മോഹമാണ് മനസിൽ കൊണ്ടുനടന്നത്.
അക്കാലത്താണ് സിവിൽ സർവീസ് അക്കാദമി പട്ടികജാതി വികസന വകുപ്പിന്‍റെ കീഴിൽ സൗജന്യം പരിശീലനം ഒരുക്കിയത്. ഇത് ഷിനുവിന്‍റെ ജീവിതത്തിൽ വഴിത്തിരിവായി. 2018-ൽ സർക്കാർ ജോലിയിലേക്ക് ആദ്യ ചവിട്ടുപടി. പൊതുമരാമത്ത് വകുപ്പിൽ ക്ലർക്കായി ജോലികിട്ടി. 2022-ൽ കെഎസ്എഫ്ഇയിൽ ജൂനിയർ അസിസ്റ്റന്‍റ്. തുടർന്ന് സ്പെഷ്യൽ റിക്രൂട്ട്മെന്‍റിലൂടെ 35-ാം വയസിൽ തഹസിൽദാരായി നിയമനം ലഭിച്ചു. ഇനി ലക്ഷ്യം സിവിൽ സർവിസ് ആണ്. അതിനുള്ള പ്രയത്നത്തിലാണ് ഷിനു. കഷ്‌ടപ്പെട്ടാൽ ഒരിക്കൽ തീർച്ചയായും വിജയിക്കുമെന്നാണ് ഷിബുവിന്‍റെ പക്ഷം.
നിലവിൽ ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തഹസിൽദാരുടെ ചുമതലയാണ് ഷിനുവിന്. വഞ്ചിവയലിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികൾക്ക് ഷിനു ഓൺലൈനായി പഠനത്തിനും ജോലിക്കും ആവശ്യമായ മാർഗനിർദേശം നൽകുന്നുണ്ട്. ഭാര്യ: ഷജീന, പിണറായി പഞ്ചായത്ത് ഓഫിസ് ക്ലർക്കാണ്. വിജയന്‍റെയും വസന്തയുടെയും മകനാണ് ഷിനു.