കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ എല്ലാ വാഗ്‌ദാനങ്ങളും പാലിച്ചെന്നാണ് എംഎല്‍എമാർ പറയുന്നത്. പശ്ചാത്തല വികസനം സാധ്യമാക്കിയ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന മികവ് നിരത്തിയാണ് ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നത്. എം.എല്‍.എ ഫണ്ടിന് പുറമെ മറ്റു പദ്ധതികള്‍ കൂടി ഉപയോഗപ്പെടുത്തിയാണ് റോഡുകളും പാലങ്ങളുമടക്കം മണ്ഡലത്തില്‍ പണിതതെന്ന് എംഎല്‍എ പറയുന്നു.
എം.എല്‍.എ ഫണ്ടായി ലഭിച്ച മുഴുവൻ തുകയും ചെലവഴിച്ചു. അവസാനഘട്ടത്തില്‍ സമര്‍പ്പിച്ച പത്ത് പദ്ധതികള്‍ക്ക് മാത്രമാണ് ഭരണാനുമതി ലഭിക്കാനുള്ളത്. മണ്ഡലത്തിലെ ചെറുതും വലുതുമായ 240 റോഡുകൾ പണിതീര്‍ത്തു. റിസര്‍വ് വന മേഖലയുടെ പ്രശ്നമുണ്ടായിരുന്ന ദേലംപാടി പഞ്ചായത്തിലെ മയ്യള റോഡുള്‍പ്പെടെ ഗതാഗത യോഗ്യമാക്കി. കാസര്‍കോട് മണ്ഡലത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന ബാവിക്കര റെഗുലേറ്റര്‍ പദ്ധതി, പാണ്ടിക്കണ്ടം റെഗുലേറ്റര്‍ ബ്രിഡ്‌ജ്, പലവട്ടം കരാറുകാര്‍ ഉപേക്ഷിച്ചു പോയ ആയംകടവ് പാലം, പള്ളത്തൂര്‍ പാലം, തെക്കില്‍ ആലട്ടി റോഡ് തുടങ്ങിയവ പൂര്‍ത്തിയാക്കാനായതില്‍ അഭിമാനമുണ്ടെന്നും കെ കുഞ്ഞിരാമൻ എം.എല്‍.എ പറഞ്ഞു.
കിഫ്ബി, എസ്.ടി കോര്‍പ്പസ് ഫണ്ട്, സി.എം.എല്‍.ആര്‍.പി ഫണ്ട്, വെള്ളപ്പൊക്ക ദുരിതാശ്വാസം എന്നിങ്ങനെ വിവിധ ഫണ്ടുകള്‍ മണ്ഡലത്തില്‍ ഉപയോഗപ്പെടുത്താനായി. വിദ്യാഭ്യാസ മേഖലയില്‍ മാത്രം 70 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞ കാലയളവില്‍ സാധിച്ചെന്ന് കെ. കുഞ്ഞിരാമൻ പറയുന്നു. ഉന്നത വിദ്യാഭ്യാസ, ആരോഗ്യ, വിനോദ സഞ്ചാര മേഖലകളില്‍ കെട്ടിടങ്ങളുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയെന്നും എം.എല്‍.എ പറയുന്നു. റോഡുകളെയും പാലങ്ങളെയും കുറിച്ച് പറയുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള മറ്റു മേഖലകളെ എം.എല്‍.എ മറന്നെന്ന ആരോപണമാണ് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ ഉയര്‍ത്തുന്നത്.