കാസർകോട്: ചുമതലയേറ്റ് ആറ് മാസത്തിനുളിൽ കാസർകോട് ഡിഎഫ്ഒ സ്ഥാനത്ത് നിന്ന് പി ധനേഷ് കുമാറിനെ നീക്കിയതിൽ പരസ്യമായി രംഗത്തെത്തി ഉദുമ എംഎൽഎ സി.എച്ച് കുഞ്ഞമ്പു. ജില്ലയിൽ വകുപ്പുമായി ബന്ധപ്പെട്ട് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ കൂടിയാലോചന പോലും നടത്താതെയുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന് എംഎൽഎ പറഞ്ഞു.
അച്ചടക്ക ലംഘനമില്ലാതിരിക്കെ മൂന്നുവർഷം തികയും മുൻപുള്ള മാറ്റം പതിവുള്ളതല്ല. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സി.എച്ച് കുഞ്ഞമ്പു പറഞ്ഞു. ജില്ലയിൽ സിപിഎം-എൻസിപി തർക്കം പുകയുന്നതിനിടെയാണ് സി.എച്ച് കുഞ്ഞമ്പു ധനേഷ് കുമാറിന് അനുകൂലമായി രംഗത്ത് എത്തിയത്.
Read more: പി ധനേഷ് കുമാറിനെ ഡിഎഫ്‌ഒ പദവിയില്‍ നിന്ന് നീക്കിയതില്‍ സിപിഐയിലും സിപിഎമ്മിലും അമര്‍ഷം
പി ധനേഷ് കുമാറിനെ ഡിഎഫ്ഒ സ്ഥാനത്ത് നിന്ന് നീക്കം ചെയ്‌തതിലുള്ള സിപിഎം അതൃപ്‌തി വ്യക്തമാക്കുന്നതാണ് എംഎൽഎ സി.എച്ച് കുഞ്ഞമ്പുവിന്‍റെ പരസ്യ പ്രതികരണം. കഴിഞ്ഞ വർഷം സെപ്‌റ്റംബറിൽ ഡിഎഫ്ഒ ആയി ചുമതലയേറ്റ ധനേഷ് കുമാറും എൻസിപി ജില്ല നേതൃത്വവും തമ്മിൽ നേരത്തെ തന്നെ തർക്കം നിലനിന്നിരുന്നു.
സിപിഎം-എൻസിപി ഭിന്നത
ജില്ലയിലെ വനംവകുപ്പ് താത്കാലിക ജീവനക്കാരുടെ നിയമനത്തിൽ എൻസിപി നേതൃത്വം ഇടപെടുന്നുവെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ മന്ത്രി തന്നെ നേരിട്ട് ഇടപെട്ടാണ് വിഷയം പരിഹരിച്ചത്. ജില്ലയിൽ വകുപ്പിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന നിർദേശം മാത്രമാണ് മന്ത്രിയോട് പങ്കുവച്ചതെന്നാണ് എൻസിപി ജില്ല നേതൃത്വത്തിന്‍റെ വിശദീകരണം.
എന്നാൽ ധനേഷ് കുമാറിന്‍റെ സ്ഥാനമാറ്റത്തോടെ ജില്ലയിൽ നേരത്തെ തന്നെ നിലനിന്നിരുന്ന സിപിഎം-എൻസിപി ഭിന്നത വീണ്ടും മറനീക്കി പുറത്തുവരുകയാണ്. എൻസിപി ജില്ല നേതൃത്വത്തിന്‍റെ ഇടപെടലാണ് ഡിഎഫ്ഒയെ നീക്കാൻ കാരണമെന്ന ആക്ഷേപമാണ് ഉയരുന്നത്. ഭരണപരമായ ചുമതലയില്ലാത്ത അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായാണ് ധനേഷ് കുമാറിനെ മാറ്റിയത്. പകരം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്‍റ് കണ്‍സര്‍വേറ്റര്‍ പി ബിജുവിനെ ഡിഎഫ്ഒ ആയി നിയമിച്ചിട്ടുണ്ട്.