കാസർകോട് : ഇന്ന് തുലാം ഒന്ന്... തോറ്റം പാട്ടും ചെണ്ടയുടെ ദ്രുതതാളവും മുഴങ്ങുന്നു. മതിലകങ്ങളില്‍ ഉറങ്ങിക്കിടന്ന കോലങ്ങള്‍ ചെണ്ടമേളം കേട്ടുണരും. മറ്റൊരു തെയ്യാട്ടകാലത്തെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുകയാണ് മണ്ണും മനസും.
ഉത്തര മലബാറിലെ തെയ്യം കലാകാരന്മാർ കളിയാട്ടക്കാലത്തിനുള്ള തയ്യാറെടുപ്പിലാണ്. ആടയാഭാരണങ്ങൾ മിനുക്കി തെയ്യങ്ങളെ ആവാഹിക്കാനുള്ള തയ്യാറെടുപ്പ്. ഇത്തവണ വലിയ പ്രതീക്ഷയിലാണ് കലാകാരന്മാരും.
പത്താമുദയത്തിൽ ഉത്തര മലബാറിലെ കാവുകളിലും കഴകങ്ങളിലും ക്ഷേത്രമുറ്റങ്ങളിലും തെയ്യങ്ങളുടെ ചിലമ്പൊലി ഉയരും. പത്താമുദയത്തിലാണ് (തുലാം 10 ) ഉത്തര മലബാറിലെ കാവുകളിൽ തെയ്യച്ചിലമ്പൊലി ഉയരുന്നതെങ്കിൽ അള്ളടദേശത്ത് (കാസർകോടൻ ഗ്രാമങ്ങൾ) ഇന്ന് തെയ്യങ്ങളുടെ വരവറിയിക്കും.
തിമിരി വലിയവളപ്പിൽ ചാമുണ്ഡി വയലിലെത്തി വിത്തെറിയുന്നത് തുലാം ഒന്നിനാണ്. കാലിച്ചാൻ തെയ്യം വീടുകളിലെത്തും. തൊട്ടടുത്ത ദിവസം കാർത്തികച്ചാമുണ്ഡിയും കാലിച്ചാൻ തെയ്യവും പുഴകടന്നെത്തും, തുലാമാസത്തിലെ പത്താം സൂര്യോദയത്തെ നിലവിളക്കും നിറനാഴിയും വെച്ച് അരിയെറിഞ്ഞ് തൊഴുതുനിൽക്കും.
ഐശ്വര്യകാലം: കന്നുകാലിസമ്പത്ത്, ധാന്യസമൃദ്ധി, ധനലാഭം, ഭൂമിലാഭം, കളത്ര സൗഭാഗ്യം, സന്താനസൗഖ്യം, ദൈവാനുഗ്രഹം, ഗുരുജനപ്രീതി, രാജപ്രീതി, ആയുർദേവഹിതം എന്നീ പത്ത് ഐശ്വര്യങ്ങൾ പത്താമുദയദർശനത്താൽ സാധ്യമാകുമെന്നാണ് വിശ്വാസം.
ആലയും കന്നുകാലികളും വയലും വിതപ്പാട്ടുമായുള്ള നാട്ടുനന്മയെയും പത്താമുദയം ഓർമിപ്പിക്കുന്നു. പത്താമുദയത്തിൽ പട്ടേന പട്ടേൻകാവിലും പിന്നാലെ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലും തെയ്യങ്ങൾ കെട്ടിയാടും. സാധാരണക്കാരന്‍റെ സങ്കടങ്ങളും പ്രതീക്ഷകളും സന്തോഷങ്ങളുമൊക്കെ പങ്കിടാൻ ദൈവം മണ്ണിലിറങ്ങുന്ന നാളുകളാണ് ഇനി വരുന്നത്.