കാസർകോട്: പെരിയ ഇരട്ടകൊലക്കേസില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത മുന്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. സികെ ശ്രീധരനെതിരെ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട ശരത് ലാലിന്‍റെ പിതാവ്. തെളിവ് നശിപ്പിക്കാൻ സികെ ശ്രീധരൻ കൂട്ടുനിന്നു. കേസിന്‍റെ രേഖകളെല്ലാം കൈക്കലാക്കി ചതിക്കുകയായിരുന്നുവെന്നും ശരത് ലാലിന്‍റെ പിതാവ് സത്യനാരായണന്‍ ആരോപിച്ചു.
പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. 25 ദിവസം കേസിന്‍റെ ഫയൽ ശ്രീധരന്‍റെ കൈയില്‍ ഉണ്ടായിരുന്നു. എന്നാൽ, കേസിന്‍റെ കാര്യത്തിൽ ആശങ്ക ഇല്ലെന്നും സത്യനാരാണന്‍ പറഞ്ഞു. അതിനിടെ സികെ ശ്രീധരന്‍റെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ഡിസിസി പ്രസിഡന്‍റ് പികെ ഫൈസൽ പറഞ്ഞു. ശ്രീധരൻ പണം വാങ്ങി കേസ് അട്ടിമറിക്കാൻ ശ്രമിച്ചു. കേസിന്‍റെ മുഴുവൻ രേഖകളും ഉണ്ടായിരുന്നത് ശ്രീധരന്‍റെ കൈയിലാണ്.
സിപിഎമ്മുമായി ഒത്തുചേർന്ന് രക്തസാക്ഷി കുടുംബങ്ങളെ വഞ്ചിച്ചുവെന്നും ഡിസിസി പ്രസിഡന്‍റ് പികെ ഫൈസൽ ആരോപിച്ചു. പെരിയ കേസിലെ പ്രതികളായ ഒൻപത് സിപിഎം പ്രവർത്തകരുടെ വക്കാലത്താണ് കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ സികെ ശ്രീധരൻ ഏറ്റെടുത്തത്. വെള്ളിയാഴ്‌ച കേസ് പരിഗണിച്ചപ്പോൾ എറണാകുളം സിബിഐ (രണ്ട്) കോടതിയിൽ ഇദ്ദേഹം ഹാജരായിരുന്നു. കേസിൽ 24 പ്രതികളാണുള്ളത്.