കാസർകോട്: കൊവിഡ് വാർഡില്‍ നിന്നും പിടികൂടിയ ശേഷം ചത്ത പൂച്ചകളുടെ സ്രവ കാസർകോട് തന്നെ പരിശോധന നടത്താൻ ആലോചന. പെരിയ കേന്ദ്ര സർവകലാശാലയിലെ കൊവിഡ് ലാബിൽ പരിശോധന നടത്തുന്നതിന് വേണ്ടി ജില്ലാ മെഡിക്കൽ ഓഫീസർക്കും കേന്ദ്ര സർവകലാശാല മോളിക്യുലർ ബയോളജി തലവൻ ഡോ.രാജേന്ദ്ര പിലാക്കട്ടയ്ക്കും മൃഗ സംരക്ഷണ വകുപ്പ് കത്തയച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അനുമതി ലഭിച്ചാൽ മാത്രമേ പൂച്ചയുടെ സ്രവ പരിശോധന നടത്താനാകൂ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം പൂച്ചകളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പിന്‍റെ കാഞ്ഞങ്ങാട് ജില്ല ലാബിലെ ഫ്രീസറിൽ സൂക്ഷിച്ചിട്ടുണ്ട്.
രണ്ട് വയസുള്ള പൂച്ചയുടെയും 20 ദിവസം പ്രായമുള്ള രണ്ട് പൂച്ചക്കുട്ടികളുടെയും ആന്തരികാവയവങ്ങളാണ് കൊവിഡ് സംശയ നിവാരണത്തിനായി സൂക്ഷിച്ചിരിക്കുന്നത്. ആന്തരികാവയവങ്ങൾ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസസിലേക്ക് വിദഗ്‌ധ പരിശോധനക്ക് അയക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും വാഹന സൗകര്യം ലഭ്യമാകാത്തത് തടസം സൃഷ്ടിക്കുന്നുണ്ട്. പ്രാഥമിക പരിശോധനയിൽ കൊവിഡ് ഇല്ലെന്നാണ് സൂചനയെങ്കിലും കൊവിഡ് രോഗികൾ നിരീക്ഷണത്തിലുള്ള വാര്‍ഡില്‍ നിന്നും പിടികൂടിയ പൂച്ചകളായതിനാൽ സംശയ ദൂരീകരണത്തിന് വേണ്ടിയാണ് വിദഗ്‌ധ പരിശോധന നടത്താൻ തീരുമാനിച്ചത്.