കാസർകോട്: സാമൂഹിക സാമ്പത്തിക സർവേ പ്രകാരം പുരാതന ഗോത്രവർഗമായ കൊറഗ വിഭാഗം കേരളത്തില്‍ കാസർഗോഡ് ജില്ലയിൽ മാത്രമാണുള്ളത്. കർണാടക- കേരള അതിർത്തിയിലെ ബദിയടുക്കയിലുള്ള കൊറഗ കോളനിയിലുള്ളവരുടെ ജീവിത രീതി മെച്ചപ്പെടുത്തുന്നതിനും സ്ഥിര വരുമാനം ലഭ്യമാക്കാനും റബർ മരങ്ങൾ വെച്ചുപിടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.
അതിനായി 1999ൽ കൊറഗ വെൽഫയർ മൾട്ടി പർപസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏഴു ലക്ഷം രൂപ ചെലവഴിച്ച് റബർ തൈകൾ വെച്ചുപിടിപ്പിച്ചു.
കശുമാവിന് പകരം റബർ
കോളനിയിലെ ആറു ഏക്കറിൽ കശുമാവില്‍ തോട്ടം വെട്ടി മാറ്റിയാണ് 1600 ഓളം റബർ തൈകൾ വെച്ചുപിടിപ്പിച്ചത്. കശുവണ്ടി ശേഖരിച്ചു വിറ്റ് ജീവിച്ചിരുന്ന കൊറഗർക്ക് റബ്ബറിനോട് താൽപര്യം കുറവായിരുന്നു. 45 കുടുംബങ്ങളിലായി 170 പേരാണ് ഇവിടെ താമസിക്കുന്നത്.
ഇതിൽ 5 പേർ മാത്രമാണ് റബർ വെട്ടു പഠിക്കാൻ തയ്യാറായത്. 125 രൂപ കൂലിയാണ് നിശ്ചയിച്ചത്. വർഷങ്ങൾക്കിപ്പുറവും ഒരേ കൂലി തന്നെ. ഇതോടെ റബർ വെട്ടുന്നത് തൊഴിലാളികൾ നിർത്തി. രണ്ട് വർഷം മാത്രമാണ് ടാപ്പിങ് നടത്തിയത്.
also read: സംസ്ഥാനത്തടക്കം മാവോയിസ്റ്റ് ബന്ധമുള്ളവരുടെ വീടുകളിൽ എൻഐഎ റെയ്‌ഡ്
കാട് കയറിയ ലക്ഷങ്ങൾ
ടാപ്പിങ് നിലച്ചതോടെ റബർ തോട്ടം കാടുകയറി നശിച്ചു. റബർ ഷീറ്റാക്കി മാറ്റി കൊടുത്താൽ ആഴ്ചകൾക്ക് ശേഷമോ, മാസത്തിലോ മാത്രമാണ് കൂലി കിട്ടിയിരുന്നത്. ഇതും ഇവരെ പിന്നോട്ടടിപ്പിച്ചു.
കൂലി കൂട്ടിത്തരണമെന്നും കാട് വെട്ടാൻ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പല തവണ അധികൃതരെ അറിയിച്ചെങ്കിലും മറുപടി ഉണ്ടായില്ലെന്ന് തൊഴിലാളികൾ പറയുന്നു. റബർ ഷീറ്റാക്കുന്ന ഉപകരണങ്ങളും തുരുമ്പെടുത്ത് നശിച്ചു. ഇതോടെ ജീവിത മാർഗം നിലച്ച് ബുദ്ധിമുട്ടിലായിരിക്കുകയാണ് കൊറഗ വിഭാഗം.