കാസർകോട്: സംസ്ഥാന സെക്രട്ടറിയുടെ വീട്ടില്‍ എൻഫോഴ്‌സ്‌മെന്‍റ് റെയ്‌ഡ് നടന്നതിലൂടെ സിപിഎമ്മിന്‍റെ ജീർണതെയുടെ ആഴമാണ് വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പ്രതിസ്ഥാനത്താണ്. ആദര്‍ശം പ്രസംഗിച്ച് അധോലോക പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയായി സിപിഎം മാറി. കോടിയേരി ബാലകൃഷ്‌ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജി വയ്ക്കണം. എല്ലാ കാര്യങ്ങളെക്കുറിച്ചും മറുപടി പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ബിനീഷ് കോടിയേരിയുടെ വിഷയത്തില്‍ മാനം പാലിക്കുന്നത് ദുരൂഹമാണ്. ഈ സര്‍ക്കാര്‍ എല്ലാ അഴിമതികളെയും പ്രോത്സാഹിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരുന്നതില്‍ അര്‍ഥമില്ലെന്നും ചെന്നിത്തല പറഞ്ഞു.
അംബാനിക്കും അദാനിക്കും ഒപ്പം നില്‍ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സാമ്പത്തിക കുത്തകകള്‍ക്ക് വേണ്ടിയാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്‍സള്‍ട്ടന്‍സി കരാറുകളിലൂടെ വ്യക്തമായതാണ്. കെ-ഫോണ്‍ പദ്ധതിക്ക് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ അതില്‍ ചില ദുരൂഹതകള്‍ ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു. കെ-ഫോണിന്‍റെ മറവില്‍ അഴിമതി നടത്തുന്നത് ശരിയല്ല. ശിവശങ്കറിന്‍റെ നേതൃത്വത്തില്‍ മറ്റൊരു അഴിമതിക്ക് കളമൊരുക്കിയെന്നത് വ്യക്തമാണ്. എന്തൊക്കെയോ സര്‍ക്കാരിന് മൂടി വെക്കാന്‍ ഉള്ളത് കൊണ്ടാണ് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ഭയപ്പെടുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
വയനാട്ടിലെ മാവോയിസ്റ്റ് വെടി വയ്പ്പില്‍ ദുരൂഹതയുണ്ടെന്നും ഇതിന്‍റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്നും ചെന്നിത്തല ആവിശ്യപ്പെട്ടു. ഇടത് സര്‍ക്കാരിന്‍റെ കാലത്ത് എട്ടാമത്തെയാളാണ് വെടിവയ്പ്പില്‍ മരിക്കുന്നത്. മാവോയിസ്റ്റുകളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നതിന് പകരം വെടിവയ്ക്കുന്നത് ശരിയല്ല. ഇതിലെ വസ്‌തുത പുറത്ത് വരാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു.
കെ.പി.സി.സി ഓഫീസിലെത്തി ഒരു കോടി രൂപ കോഴ നല്‍കിയെന്ന ആരോപണം ശരിയല്ല. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ആളുകളെ ആക്ഷേപിക്കാന്‍ വേണ്ടിയുള്ള പ്രസ്‌താവനയാണിത്. നാല് വര്‍ഷം മുന്‍പ് അന്വേഷിച്ചു ഒന്നും കണ്ടെത്താത്ത കാര്യം ഇപ്പോള്‍ വീണ്ടും പറയുന്നത് രാഷ്ട്രീയമാണ്.