കാസര്‍കോട്: ദേശീയപാതയുടെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി നടത്തിയ 24 മണിക്കൂര്‍ നിരാഹാര സമരം അവസാനിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉണ്ണിത്താന് നാരങ്ങാ നീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. ദേശീയപാത അതോറിറ്റി 26ന് ചര്‍ച്ചക്ക് വിളിച്ചതായി ഉണ്ണിത്താന്‍ പറഞ്ഞു. ദേശീയപാതയുടെ ശോചനീയവസ്ഥ ദേശീയപാത അതോറിറ്റി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി ജി. സുധാകരൻ ഉറപ്പു നൽകിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .
കാലിക്കടവ് മുതല്‍ മഞ്ചേശ്വരം വരെയുള്ള ദേശീയപാതയില്‍ കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതം ദുഷ്‌കരമായതിനെ തുടര്‍ന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ നിരാഹാര സമരവുമായി രംഗത്തെത്തിയത്.നിരവധി യുഡിഎഫ് നേതാക്കളും സമരത്തില്‍ പങ്കെടുത്തിരുന്നു.