കാസർകോട്: മുഖ്യമന്ത്രിയും കുടുംബവും അഗ്നിശുദ്ധി വരുത്തണമെന്നും നിഷ്‌പക്ഷമായി കേസ് അന്വേഷിക്കണമെങ്കിൽ അദ്ദേഹം രാജിവയ്‌ക്കണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്‌ന മുഖ്യമന്ത്രിയുടെ ഭാര്യക്കും മകള്‍ക്കുമെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആരോപണത്തിന് അടിസ്ഥാനവും തെളിവുകളും ഉണ്ടെങ്കിൽ മാത്രമേ മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നല്‍കാനാകൂ.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കേസ് അന്വേഷിച്ചാൽ കേസ് അട്ടിമറിക്കപ്പെടും. ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് കേസ് അന്വേഷിച്ച് അദ്ദേഹത്തിന് അഗ്നിശുദ്ധി വരുത്തി തിരിച്ചു വരാമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
മുഖ്യമന്ത്രി ചെയ്‌ത പാപത്തിന്‍റെ ശിക്ഷയാണ് ഇപ്പോൾ അനുഭവിക്കുന്നത്. കേന്ദ്രവും സംസ്ഥാന സർക്കാരും കള്ളനും പൊലീസും കളിക്കുകയാണ്. സർക്കാരിന്‍റെ പ്രതിഛായ തകർന്നുവെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു.
Also Read സ്വപ്‌നയുടെ ആരോപണം: 'സത്യം ആര്‍ക്കും മൂടിവയ്ക്കാനാവില്ല'- ഉമ്മൻ ചാണ്ടി