കാസര്‍കോട്: പരപ്പയില്‍ കരിങ്കല്‍ ക്വാറിക്കെതിരെ രാപ്പകല്‍ സമരവുമായി നാട്ടുകാര്‍ രംഗത്ത്. പരപ്പ മുണ്ടത്തടത്ത് ആദിവാസി കോളനിക്ക് സമീപത്തുള്ള ക്വാറിയുടെ പ്രവര്‍ത്തനം ജനജീവിതത്തിന് ഭീഷണിയായതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് നാട്ടുകാര്‍ നീങ്ങിയത്. പ്രദേശത്തെ പാരിസ്ഥിതിക സന്തുലിതാവസ്ഥ തന്നെ തകര്‍ക്കുമെന്ന നിലയിലാണ് ക്വാറിയുടെ പ്രവര്‍ത്തനം.
എട്ട് വര്‍ഷം മുന്‍പ് ചെറിയ രീതിയില്‍ ആരംഭിച്ച ക്വാറിയുടെ ഭാഗമായാണ് ഇങ്ങനെ കുന്നുകള്‍ ഇടിച്ചു നിരത്തപ്പെട്ടത്. കൂടുതല്‍ സ്ഥലങ്ങള്‍ ഏറ്റെടുത്ത് ക്വാറിയിങ് വിപുലപ്പെടുത്തിയതോടെയാണ് അപകടഭീതിയിലായ പ്രദേശവാസികള്‍ സംഘടിച്ചത്. ക്വാറിയില്‍ സ്‌ഫോടനം നടത്തുമ്പോള്‍ ഉണ്ടാകുന്ന ഉഗ്ര ശബ്ദത്തില്‍ വിറങ്ങലിക്കുകയാണ് ഇതിനോട് ചേര്‍ന്ന് താമസിക്കുന്ന ആളുകള്‍. വീടുകള്‍ക്ക് പോലും വിള്ളലുകള്‍ വീണതോടെ ഏത് നിമിഷവും അപകടത്തെ മുന്നില്‍ക്കണ്ടാണ് ഇവരുടെ ജീവിതം.
ആദിവാസി വിഭാഗങ്ങള്‍ ഉള്‍പ്പെടെ 100ഓളം കുടുംബങ്ങള്‍ ക്വാറിയുടെ പരിസരങ്ങളില്‍ താമസിക്കുന്നുണ്ട്. ക്വാറിയുടെ പ്രവര്‍ത്തനം കനത്ത പാരിസ്ഥിതിക ആഘാതമാണ് പ്രദേശത്തുണ്ടാക്കുന്നതെന്ന് സമരസമിതി പറയുന്നു.
4.7 ഹെക്ടറില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയോട് ചേര്‍ന്ന് ക്രഷര്‍ യൂണിറ്റ് കൂടി തുറക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ക്വാറി ഉടമകള്‍. ഇതിനായി യന്ത്രസംവിധാനങ്ങള്‍ പ്രദേശത്തേക്കെത്തിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി സമ്പാദിച്ച് പൊലീസ് സംരക്ഷണയിലാണ് ഇപ്പോള്‍ ക്വാറിയുടെ പ്രവര്‍ത്തനം. ക്വാറിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സമരസമിതി.