കാസർകോട്: ഉദ്‌ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും പ്രവർത്തനം ആരംഭിക്കാത്ത ആശുപത്രിയിൽ വ്യത്യസ്‌ത പ്രതിഷേധവുമായി എയിംസ് ജനകീയ കൂട്ടായ്‌മ. കാഞ്ഞങ്ങാട്ടെ മാതൃശിശു ആശുപത്രിയാണ് പ്രതിഷേധക്കാർ കറുത്ത തുണിയിട്ട് മൂടി ബാനർ സമരമാക്കിയത്. പ്രതിഷേധം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.
എൻഡോസൾഫാൻ ദുരിത ബാധിതരായ ബളാന്തോട്ടെ അമ്മയുടേയും മകളുടേയും ഇരട്ട മരണത്തിൻ്റെ പശ്ചാത്തലത്തിലാണ് എയിംസ് ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വേറിട്ട സമരം നടത്തിയത്. പ്രതിഷേധത്തിന്‍റെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തിൽ നൂറ് കണക്കിന് ആളുകളുടെ റാലിയും നടന്നു.
2021 ഫെബ്രുവരിയിലാണ് ഹൊസ്‌ദുര്‍ഗ് പഴയ ജില്ല ആശുപത്രിക്ക് സമീപം മൂന്നു നില കെട്ടിടം മുൻ ആരോഗ്യ മന്ത്രി കെകെ ശൈലജ ഉദ്ഘാടനം ചെയ്തത്. 9.40 കോടി രൂപയാണ് നിര്‍മാണ ചെലവ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് പ്രസവം, സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സ തുടങ്ങിയ സേവനങ്ങൾ ലക്ഷ്യമിട്ടാണ് 112 ബെഡുകളുള്ള മാതൃശിശു ആശുപത്രി നിര്‍മിച്ചത്.
പ്രസവം മുതല്‍ ശിശുരോഗങ്ങളും സ്ത്രീകളുടെ അസുഖങ്ങളും ചികിത്സിച്ച് ഭേദമാക്കുന്ന ജില്ലയിലെ പ്രധാന കേന്ദ്രമാകും ഈ ആശുപത്രിയെന്നായിരുന്നു ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞത്. എന്നാൽ വൈദ്യുതീകരണം പോലും ഇവിടെ ഇതുവരെ നടന്നിട്ടില്ലെന്നാണ് ആരോപണം.