കാസർകോട് : തെരുവ് നായയിൽ പേവിഷബാധ കണ്ടെത്തിയതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. കാസർകോട് ചെറുവത്തൂരിൽ തെരുവ് നായയിൽ നിന്നും പേവിഷബാധയേറ്റ് മരിച്ച ഏഴുവയസുകാരന് മതിയായ ചികിത്സ നൽകിയിരുന്നു. എന്നാല്‍ കണ്ണിലൂടെയാകാം പേവിഷബാധയേറ്റതെന്നുമാണ് ആരോഗ്യ വകുപ്പിന്‍റെ നിഗമനം.
കളിച്ചുകൊണ്ടിരിക്കെ തെരുവ് നായയുടെ കടിയേറ്റ ആനന്ദിന് മുഖത്ത് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിൽ രക്ഷിതാക്കൾ കുട്ടികളെ കളിക്കാൻ വിടുമ്പോൾ കരുതൽ വേണമെന്നും നിർദേശമുണ്ട്. പേവിഷബാധ കൂടുന്ന സാഹചര്യത്തിൽ മൃഗങ്ങളുടെ കടിയോ മാന്തലോ ഏറ്റാൽ ഉടൻ ചികിത്സ തേടണം. കടിയും മാന്തലും നെഞ്ചിനോ അതിനു മുകളിലേക്കോ മുഖത്തോ ഏറ്റാൽ ഗുരുതരാവസ്ഥയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.
ALSO READ:സ്ത്രീസുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യരുത് : വനിത കമ്മിഷൻ
വീട്ടിൽ വളർത്തുന്ന മൃഗങ്ങളാണെങ്കിൽ അവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് നേരത്തേ എടുക്കണമെന്നും നിലവിൽ പേവിഷബാധക്കെതിരെയുള്ള മരുന്ന് എല്ലായിടത്തും ലഭ്യമാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.
തെരുവിൽ തള്ളുന്ന മാലിന്യങ്ങൾ ഭക്ഷണമാക്കി അലഞ്ഞുതിരിയുന്ന നായ്‌ക്കൾ കൂട്ടത്തോടെയെത്തി വളർത്തുമൃഗങ്ങളെയും മനുഷ്യരെയും ആക്രമിക്കുന്നതും ജില്ലയിൽ ആവര്‍ത്തിക്കപ്പെടുകയാണ്.
കഴിഞ്ഞ ദിവസം പീലിക്കോട് കൂട്ടത്തോടെ എത്തിയ തെരുവ് നായ്ക്കൾ ആയിരത്തോളം കോഴികളെ കൊന്നിരുന്നു. ബസ് സ്‌റ്റാന്‍റുകളും റെയിൽവെ സ്‌റ്റേഷനും നടവഴികളുമെല്ലാം ഇവയുടെ വിഹാര കേന്ദ്രമാണ്. ഇവയെ തുരത്താനോ വന്ധ്യംകരണം നടത്തി എണ്ണം കുറയ്ക്കാനോ സാധിക്കാത്തതും പ്രതിസന്ധിയാവുകയാണ്.
അതേസമയം തെരുവ് നായകളിൽ പേവിഷബാധ കണ്ടെത്തിയ സാഹചര്യത്തിൽ സ്‌കൂൾ തുറക്കുന്നതിന് മുമ്പ് പരിഹാരം കാണണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെ ആവശ്യം. മൃഗ സംരക്ഷണ വകുപ്പുമായും തദ്ദേശ സ്ഥാപനങ്ങളുമായും ആരോഗ്യ വകുപ്പ് ചർച്ച നടത്തിയിരുന്നു.