കാസര്‍കോട്: ആശങ്കകള്‍ക്ക് താത്കാലിക വിരാമമിട്ട് ആലൂരിലെ ഏകാധ്യാപക വിദ്യാലയം വീണ്ടും തുറന്നു. അടച്ചുപൂട്ടാന്‍ തീരുമാനിച്ച വിദ്യാലയം ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് വീണ്ടും തുറന്നത്. ഇതോടെ പുത്തനുടുപ്പും ബാഗും കുടയുമായി കരുന്നുകള്‍ വിദ്യാലയത്തില്‍ എത്തി.
ഇതോടെ പ്രദേശത്തെ 40ഓളം കുട്ടികളുടെ പഠനത്തിനാണ് താത്കാലിക പരിഹരമായത്. ഒന്നു മുതല്‍ നാല് വരെ ക്ലാസിലുള്ള വിദ്യാര്‍ഥികളാണ് ഇവിടെ പഠനത്തിനായി എത്തുന്നത്. പാഠപുസ്തകങ്ങളും പേനയും പെൻസിലുമടക്കം നൽകിയാണ് പ്രവേശനോത്സവത്തിൽ വിദ്യാർഥികളെ സ്വീകരിച്ചത്. എന്നാല്‍ അടച്ചു പൂട്ടല്‍ ഉത്തരവ് താത്കാലികമായി മാത്രമാണ് പിന്‍വലിച്ചതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
കുട്ടികള്‍ക്ക് മികച്ച വിദ്യഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങള്‍ ഘട്ടം ഘട്ടമായി പൂട്ടാന്‍ തീരുമാനിച്ചത്. ഇതിന്‍റ അടിസ്ഥാനത്തില്‍ ആലൂരിലേത് അടക്കം ആറ് വിദ്യാലയങ്ങള്‍ പൂട്ടാനായിരുന്നു തീരുമാനം. വിദ്യാലയം അടച്ചുപൂട്ടുകയാണെന്നും വിദ്യാര്‍ഥികള്‍ ടി സി വാങ്ങി അടുത്തുള്ള സ്കൂളുകളിൽ ചേരണമെന്നും സ്കൂള്‍ അധികൃതരെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 24 വിദ്യാലയങ്ങളാണ് ജില്ലയിലുള്ളത്.
Also Read: ആഘോഷമാക്കി പ്രവേശനോത്സവം: കളി-ചിരികളുമായി കുരുന്നുകള്‍
എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. വിദ്യാലയം പൂട്ടിയാല്‍ പിന്നെ അഞ്ച് കിലോ മീറ്റർ അകലെ മുണ്ടക്കൈയിലോ, ഏഴ് കിലോ മീറ്റർ അകലെയുള്ള ബോവിക്കാനത്തോ ഉള്ള സ്കൂളുകളിലെത്തി വേണം പഠനം നടത്താന്‍. ഇവിടെ എത്തണമെങ്കിൽ കാനനപാതയടക്കം കടന്ന് യാത്ര ചെയ്യുകയും വേണം. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കടക്കം ഏറെ ബുദ്ധുമുട്ടുണ്ടാക്കുന്നതാണ് തീരുമാനം എന്നും പ്രദേശവാസികള്‍ ആരോപിച്ചു.
പ്രതിഷേധം ശക്തമായതോടെയാണ് വിദ്യാലയം വീണ്ടും തുറക്കാന്‍ വിദ്യഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തങ്ങളുടെ നാട്ടില്‍ പുതിയ സ്കൂള്‍ സ്ഥാപിച്ച് പ്രശ്നത്തിന് സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇക്കാര്യം കാണിച്ച് പല തവണ വിദ്യഭ്യാസ വകുപ്പിനെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ഹൈ ടെക്കാകുമ്പോഴും ആലൂരിലെ അടക്കം ആയിരകണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠനം ബാലികേറാ മല ആകുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.