കാസർകോട് : കളമശ്ശേരി കൺവൻഷൻ സെന്‍റർ സ്ഫോടനവുമായി ബന്ധപ്പെട്ട് സർക്കാരിനെ പ്രശംസിച്ച് സമസ്‌ത. സംസ്ഥാന സർക്കാർ നല്ല രീതിയിൽ പ്രശ്‌നം ഉണ്ടായപ്പോൾ ഇടപെട്ടെന്ന് സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ കാസർകോട് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു (Muthukoya Thangal Praises Kerala Government).
വർഗീയമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ സർക്കാരിന് തടയാൻ സാധിച്ചു. അത് സർക്കാരിന്‍റെ ചുമതലയാണ്. സ്ഫോടനവുമായി ബന്ധപ്പെട്ട് സത്യം പുറത്ത് വരുന്നതിന് മുൻപ് തന്നെ വ്യാജ പ്രചാരണങ്ങൾ നടന്നു. സ്ഫോടനത്തെ വർഗീയവത്കരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായി.
കാളപെറ്റു എന്ന് കേട്ടപ്പോൾ കയറെടുക്കുന്ന അവസ്ഥയാണ് നടന്നത്. എന്നാൽ വർഗീയ പ്രശ്‌നം ആകുന്നതിന് മുമ്പ് സംസ്ഥാന സർക്കാർ നല്ല രീതിയിൽ ഇടപെട്ടു. പ്രതിയെ ഉടൻ പിടികൂടിയത് നേട്ടമായെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗുമായി സമസ്‌തയ്ക്ക് പ്രശ്‌നമില്ലെന്ന് പറഞ്ഞ അദ്ദേഹം എല്ലാ രാഷ്ട്രീയ കക്ഷികളുമായും നല്ല ബന്ധമാണെന്നും പ്രതികരിച്ചു.
ശശി തരൂരിന്‍റെ പലസ്‌തീൻ വിവാദ പരാമർശത്തിലും സമസ്‌ത പ്രസിഡന്‍റ് പ്രതികരിച്ചു. ശശി തരൂരിന്‍റെ വ്യക്തിപരമായ അഭിപ്രായമായിരിക്കും. കോൺഗ്രസ് നേതാക്കൾ തന്നെ അത് തള്ളി പറഞ്ഞു. പലസ്‌തീൻ അനുകൂല ഐക്യത്തിന് തിരിച്ചടിയായിട്ടില്ലെന്നും പ്രസംഗത്തെ പറ്റി ചോദിക്കേണ്ടത് പരിപാടി സംഘടിപ്പിച്ചവരോടെന്നും
അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ പ്രവർത്തിക്കണം : കോൺഗ്രസ് നേതാക്കളോട് പ്രസംഗിച്ച് നടന്നാൽ മാത്രം പോര, പകരം പ്രവർത്തിക്കുകയും വേണമെന്ന് സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഏകീകൃത സിവിൽ കോഡിനെതിരെ കോൺഗ്രസ് കോഴിക്കോട് നടന്ന ജനസദസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒത്തൊരുമയോടെ പ്രവർത്തിച്ച കാലത്തൊക്കെ വിജയം കൈവരിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ അതില്ല എന്ന ഓർമപ്പെടുത്തലാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു .രാജ്യത്ത് പല വിഷയങ്ങൾ ഉണ്ടായപ്പോഴും അതിനെതിരെ മുന്നിൽ നിന്ന് നയിച്ച പാർട്ടിയാണ് കോൺഗ്രസ്. ഇന്ത്യയെ ഭിന്നിപ്പിക്കാതെ ഒന്നിപ്പിച്ച് രാജ്യം ഭരിച്ചതിൻ്റെ ചരിത്രം കോൺഗ്രസിനുണ്ടെന്നും രാജ്യത്തെ എല്ലാ വിഭാഗങ്ങൾക്കുമുള്ള ധൈര്യവും സ്ഥൈര്യവും തരാൻ കോൺഗ്രസിന് കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ വിധിയോടെ ഇന്ത്യൻ ജുഡീഷ്യറിയിലുള്ള വിശ്വാസം വീണ്ടും വർധിച്ചിരിക്കുന്നെന്നും എല്ലാറ്റിനും മുന്നിൽ നിന്ന് കോൺഗ്രസ് പോരാടണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു.
പ്രാര്‍ഥന സമ്മേളനം: പലസ്‌തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമസ്‌ത ഇന്ന് കോഴിക്കോട് പ്രാര്‍ഥന സമ്മേളനം സംഘടിപ്പിക്കും (Samastha Prayer Meeting). മുതലക്കുളം മൈതാനത്തിൽ ഇന്ന് വൈകിട്ട് 3.30നാണ് സമ്മേളനം നടത്തുക. സമസ്‌ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയാ തങ്ങള്ളാണ് സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നത്.