കാസർകോട് : രണ്ടുമാസം മുൻപുവച്ച പുതിയ വീട്ടിലേക്ക് മകളുടെ വരവ് കാത്തിരുന്ന ഉമൈബയ്ക്കും കുടുംബത്തിനും മുന്നിൽ എത്തിയത് ഷഹാനയുടെ വെള്ളപുതച്ച ചേതനയറ്റ ശരീരമായിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾ എല്ലാം പൂർത്തിയാക്കി നടിയും മോഡലുമായ ഷഹാനയുടെ മൃതദേഹം ചെറുവത്തൂർ വലിയപൊയിലിലെ വീട്ടിൽ എത്തിക്കുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു.
പണി പൂർത്തിയാകാത്ത കൊച്ചുവീട്ടിലെ നടുമുറിയിൽ മൃതദേഹം വെച്ചപ്പോൾ ബന്ധുക്കളും നാട്ടുകാരും വിതുമ്പി. ഖബറടക്കം വലിയ പൊയിൽ ജുമാ മസ്‌ജിദ് ഖബർസ്ഥാനിലാണ് നടന്നത്. ജീവിതത്തിൽ പ്രയാസങ്ങൾ ഒരുപാട് അനുഭവിക്കേണ്ടിവന്ന ഉമൈബയും കുടുംബവും വിവിധയിടങ്ങളിൽ വാടക വീട്ടിലായിരുന്നു താമസം.
രണ്ടുമാസം മുൻപാണ് ചെറുവത്തൂർ വലിയപൊയിൽ ഉച്ചിത്തിടിലിൽ സ്വന്തമായി ഭൂമിവാങ്ങി കൊച്ചുവീട് വെച്ചത്. ഭാഗികമായി പൂർത്തിയായ വീട്ടിലാണ് ഉമൈബയും മക്കൾ ബിലാലും നദീനും താമസം. പലപ്പോളും ഷഹാനയെ വിളിക്കുമ്പോൾ ഒരു ദിവസം പുതിയ വീട്ടിലേക്ക് വരുമെന്നാണ് പറഞ്ഞിരുന്നതെന്ന് ഉമൈബ പറയുന്നു. ആ കാത്തിരിപ്പിലായിരുന്നു കുടുംബം.
ALSO READ: ഷഹാനയുടെ മരണം : സജാദിന് ലഹരിക്കച്ചവടം, ഇടപാടുകള്‍ ഭക്ഷ്യസാധന വിതരണത്തിൻ്റെ മറവില്‍
കാസർകോട് ചെറുവത്തൂർ സ്വദേശി ഷഹാനയെ മെയ് 12ന് രാത്രിയിലാണ് പറമ്പില്‍ ബസാറിലുള്ള വീട്ടിലെ ജനലഴിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഷഹാനയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
തുടർന്ന് ഷഹാനയുടെ ഭർത്താവ് സജാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ, ശാരീരിക മാനസിക പീഡനം എന്നീ കുറ്റങ്ങൾ ചേർത്താണ് കേസ് രജിസ്‌റ്റർ ചെയ്‌ത്. മരണം ആത്മഹത്യയെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം.