കാസർകോട്: ബേക്കലിൽ 10.7 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ഉദുമ സ്വദേശി മുഹമ്മദ് ഇംതിയാസിനെയാണ് (30) ബേക്കൽ പൊലീസ് അറസ്റ്റുചെയ്‌തത്. ഇയാളിൽ നിന്ന് 32,000 രൂപയും പിടികൂടി.
ഇംതിയാസ് മറ്റ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ജില്ലയിലെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ബേക്കൽ ജങ്‌ഷനിൽവച്ചാണ് പ്രതിയെ പിടികൂടിയത്.
ALSO READ: പൊതുപണിമുടക്ക് : സഹകരണ ബാങ്കുകള്‍ ഇന്നും നാളെയും തുറന്നുപ്രവര്‍ത്തിക്കും
ബേക്കൽ ഡി.വൈ.എസ്.പി സി.കെ സുനിൽകുമാർ, ബേക്കൽ എസ്.എച്ച്.ഒ വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. മയക്കുമരുന്ന് കടത്ത്, കവർച്ച, ഭവനഭേദനം, മോഷണം, തട്ടിക്കൊണ്ടുപോകൽ, എന്നിങ്ങനെ ജില്ലയ്‌ക്കകത്തും, പുറത്തും നിരവധി കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ഇംതിയാസ്. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണം, ഇലക്ട്രോണിക് ത്രാസ് എന്നിവയും പൊലീസ് പിടികൂടി.
ജില്ലയിലെ മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍. ഇയാള്‍, വിവിധ സ്ഥലങ്ങളിൽ മുറിയെടുത്തുനിന്ന് ചെറുപ്പക്കാർക്കും വിദ്യാർഥികൾക്കും മയക്കുമരുന്ന് എത്തിച്ചു നൽകിയതായും പൊലീസ് കണ്ടെത്തി.