മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ബാഗിലാക്കി എത്തിച്ചെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ ലഭിച്ചു. തൊപ്പി ധരിച്ചെത്തിയ ആളാണ് ബോംബ് വച്ചതെന്ന് സിസിടിവി ദ്യശ്യങ്ങളിൽ വ്യക്തമാണ്. ശ്രീദേവി കോളജ് സ്റ്റോപ്പ് വരെ ബസിൽ എത്തിയ ഇയാൾ പിന്നീട് വിമാനത്താവളത്തിലേക്ക് ഓട്ടോ റിക്ഷയിൽ എത്തുകയായിരുന്നു. വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തിയ ബോംബ് കെഞ്ചാർ മൈതാനിയിൽ വച്ചാണ് നിർവീര്യമാക്കിയത്. സംഭവത്തിൽ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
ടിക്കറ്റ് കൗണ്ടറിനും വിശ്രമമുറിക്കും സമീപം ഉപേക്ഷിച്ച നിലയിൽ ലാപ്ടോപ്പ് ബാഗിലാണ് ബോംബ് കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡെത്തി നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ വയറുകള്‍ ഘടിപ്പിച്ച നിലയില്‍ ബോംബ് കണ്ടെത്തിയത്. മാരക പ്രഹര ശേഷിയുള്ള ഐഇഡി ബോംബാണ് ഇതെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. ഭീകരവാദ സംഘടനകള്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതാണ് ഐഇഡി ബോംബുകള്‍. കണ്ടെടുത്ത ബോംബിന് അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ആഘാതമുണ്ടാക്കുവാനുള്ള പ്രഹര ശേഷിയുണ്ട്. സംഭവത്തിൽ സ്ഫോടകവസ്തു നിരോധന നിയമപ്രകാരം ബജ്പെ പൊലീസ് കേസെടുത്തു.