കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ യുഡിഎഫിന്‍റെ ശക്തികേന്ദ്രമായ ഉദുമയില്‍ കള്ളവോട്ട് രേഖപ്പെടുത്തിയെന്ന ആരോപണവുമായി എല്‍ഡിഎഫ് രംഗത്ത്. തെരഞ്ഞെടുപ്പ് ദിവസം വിദേശത്തായിരുന്നവരുടെ പേരില്‍ കള്ളവോട്ട് നടത്തിയെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.
ഉദുമ നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരായ അബൂബക്കര്‍ സിദ്ദീഖ്, ഉമര്‍ ഫാറൂഖ്, ഫവാദ്, സുഹൈല്‍, ഇംതിയാസ് എന്നിവരുടെ പേരില്‍ കള്ളവോട്ട് രേഖപ്പെടുത്തിയെന്നണ് ആരോപണം. ഇവര്‍ വിദേശത്താണുള്ളത്. അതേ നിയോജക മണ്ഡലത്തില്‍ 125ാം ബൂത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും തള്ളിയ രണ്ട് പേരുടെ പേരില്‍ വോട്ട് രേഖപ്പെടുത്തിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്. മണ്ഡലത്തില്‍ യുഡിഎഫും ബിജെപിയും ചെയ്ത കള്ളവോട്ടുകളുടെ കണക്കെടുത്തതിനു ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനാണ് സിപിഎം നീക്കം. കാസര്‍കോട് മണ്ഡലത്തില്‍ 110ാം ബൂത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും അവിടെ റീ പോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതിനു പിന്നാലെയാണ് ആരോപണവുമായി എല്‍ഡിഎഫ് രംഗത്തുവന്നിരിക്കുന്നത്.