കാസര്‍കോട്: ലോക്ക് ഡൗൺ ഇളവിൽ ബസ് സർവീസ് ആരംഭിച്ചെങ്കിലും വരുമാനത്തിൽ വൻ ഇടിവ്. പ്രധാനമായും അന്തർ സംസ്ഥാന സർവീസുകളുള്ള കാസർകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും 23 ബസുകളാണ് സർവീസ് നടത്തുന്നത്. പരമാവധി 30 പേരെ കയറ്റാമെങ്കിലും മിക്ക സർവീസുകളിലും പകുതി പോലും യാത്രക്കാരില്ലാത്ത സ്ഥിതിയാണ്.
അന്തർ സംസ്ഥാന സർവീസുകൾ ഇല്ലാത്തതിനാൽ അതിർത്തിക്ക് ഇപ്പുറത്തെ പ്രധാന ടൗൺ വരെയാണ് നിലവില്‍ ബസ് സർവീസുള്ളത്. മംഗളൂരു ബസുകൾ മഞ്ചേശ്വരം വരെയും വിട്ള പുത്തൂർ ബസുകൾ പെർള വരെയും സുള്ള്യ റൂട്ടിൽ മുള്ളേരിയ വരെയുമാണ് സർവീസ്. ലാഭമുണ്ടാകില്ലെങ്കിലും ബസുകൾ വലിയ നഷ്‌ടമില്ലാതെ ഓടിക്കാനാകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസം 23 ബസുകളുടെ വരുമാനം 105672 രൂപയാണ്. കാസർകോട് ഡിപ്പോയിൽ ജോലി ചെയ്യുന്നവരില്‍ അധികവും തെക്കൻ ജില്ലകളില്‍ നിന്നുള്ളവരായതിനാൽ പരമാവധി കാസർകോട് സ്വദേശികളായ ജീവനക്കാരോട് ജോലിക്ക് ഹാജരാകാൻ നിർദേശിക്കുന്നുണ്ട്.