കാസർകോട് : തളങ്കര തീരദേശ പൊലീസ് സ്‌റ്റേഷന് സമീപം കടലിനോട് ചേര്‍ന്നുകിടക്കുന്ന തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തുന്നു.നിയന്ത്രണങ്ങളില്ലാതെ ലോഡുകണക്കിന് മണ്ണും കെട്ടിട അവശിഷ്ടങ്ങളും തള്ളിയാണ് തണ്ണീർതടം നികത്തുന്നത്. കാസർകോട് തീരദേശ പൊലീസ് സ്റ്റേഷൻ വളപ്പിലും ഫിഷറീസ് വകുപ്പിന്റെ പഴയ ലേലഹാളിനും സമീപത്ത് വലിയ വിസ്തൃതിയിൽ ഇതിനോടകം തന്നെ തണ്ണീര്‍ത്തടം നികന്നുകഴിഞ്ഞു. ലേല ഹാളിന് സമീപം കാടുപിടിച്ച് കിടക്കുന്ന സ്ഥലങ്ങളിലെല്ലാം കോണ്‍ക്രീറ്റ് സ്ലാബുകളും ടൈൽസ് മാലിന്യങ്ങളുമിട്ട് നിരപ്പാക്കിക്കൊണ്ടിരിക്കുകയാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടും റവന്യൂ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും തീരദേശ പരിപാലന നിയമം അട്ടിമറിച്ചുകൊണ്ടാണ് ഈ നീക്കമെന്നും ആക്ഷേപമുണ്ട്.
കടല്‍ത്തീരമായതിനാല്‍ മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകുന്ന ഇടങ്ങളിലൊന്നായിരുന്നു ഈ തണ്ണീര്‍ത്തടം. തണ്ണീര്‍ത്തടം നികത്തിയാല്‍ മഴക്കാലത്ത് ഇവിടെ വെള്ളപ്പൊക്കമുണ്ടാകും. തണ്ണീര്‍ത്തടത്തിന് സമീപമുള്ള കടവിൽ മണൽ ശേഖരിക്കാനെത്തുന്ന ലോറികളിലാണ് രാത്രിയില്‍ കെട്ടിട മാലിന്യങ്ങള്‍ തള്ളുന്നത്. തൊട്ടടുത്ത് തീരദേശ പൊലീസ് സ്റ്റേഷനുണ്ടെങ്കിലും മാലിന്യം തള്ളുന്നവരെ പിടികൂടാൻ ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.