കാസര്‍കോട്: വടക്കന്‍ കേരളത്തില്‍ ജല ദൗര്‍ലഭ്യത്തിനുള്ള സാധ്യതയേറുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മഴ ലഭ്യതയില്‍ കുറവുണ്ടായെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വേനല്‍മഴയില്‍ മാത്രം കഴിഞ്ഞവര്‍ഷത്തേക്കാള്‍ 183 മില്ലിമീറ്റര്‍ മഴയുടെ കുറവുണ്ടായി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകളാണ് ജലദൗര്‍ലഭ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മഴ ലഭ്യതയില്‍ വലിയ വ്യതിയാനമുണ്ടായി.
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ച ശേഷം വടക്കന്‍ കേരളത്തില്‍ മാത്രം ശരാശരി 60 ശതമാനത്തോളമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 105.2 മില്ലി മീറ്റര്‍ മഴ ലഭിച്ചപ്പോള്‍ ഈ വര്‍ഷം 16.6 മില്ലി മീറ്ററാണ് ലഭിച്ചത്. 63ശതമാനത്തിന്‍റെ കുറവ്. 79ശതമാനത്തിന്റെ വ്യത്യാസമാണ് മഴയളവില്‍ മെയ് മാസത്തില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 393.5മില്ലിമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ ഈ വര്‍ഷം 48മില്ലീ മീറ്റര്‍ മഴമാത്രം. കാലവര്‍ഷം ശക്തിപ്പെടുമെന്ന് പ്രതീക്ഷിച്ച ജൂണ്‍ മാസത്തിലും 49 ശതമാനത്തിന്റെ കുറവാണ് മഴമാപിനിയില്‍ രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം 1010 മില്ലീ മീറ്റര്‍ മഴ ജൂണില്‍ ലഭിച്ചിരുന്നെങ്കില്‍ ഇത്തവണ അത് 520 മില്ലീ മീറ്ററായി കുറഞ്ഞു. കാലവര്‍ഷം ഇനിയും ശക്തിപ്പെട്ടില്ലെങ്കില്‍ ഭൂഗര്‍ഭ ജലവിതാനം ഇനിയും താഴുമെന്നാണ് വിദഗ്ധാഭിപ്രായം.
പ്രളയം വന്ന 2018ലും കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ലഭിച്ച മഴയുടെ അളവ് കുറവായിരുന്നു. ശരാശരി 3500 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 455 മില്ലീ മീറ്റര്‍ കുറവാണ് രേഖപ്പെടുത്തിയത്. ലഭിക്കുന്ന മഴവെള്ളം ഒഴുകിപ്പോകാതെ ഭൂമിക്കടിയിലേക്ക് ഇറക്കുക മാത്രമാണ് പ്രതിവിധിയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.