കാസർകോട്: കൊവിഡ് വ്യാപനത്തിന്‍റെ തീവ്രതയേറുമ്പോഴും സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രിയുടെ നിയമനകാര്യത്തില്‍ മെല്ലെപ്പോക്ക്. കാസര്‍കോട് തെക്കിലില്‍ ടാറ്റ ഗ്രൂപ്പ് നിര്‍മ്മിച്ച കൊവിഡ് ആശുപത്രി ഉദ്ഘാടനം ചെയ്‌തെങ്കിലും ഇനിയും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. അടിയന്തര സാഹചര്യം കണക്കിലെടുത്ത് തസ്‌തികകള്‍ സൃഷ്ടിച്ചെങ്കിലും നിയമന നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ജീവനക്കാരെ താല്ക്കാലികമായോ ഡെപ്യുട്ടേഷന്‍ വ്യവസ്ഥയിലോ നിയമിക്കുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഉത്തരവിറങ്ങി മൂന്നാഴ്ച പിന്നിടുമ്പോഴും മാറ്റങ്ങളൊന്നുമില്ല.
191 തസ്തികകളാണ് ടാറ്റ ആശുപ്ത്രിയിലേക്കായി സൃഷ്ടിച്ചത്. റസിഡന്‍റ് മെഡിക്കല്‍ ഓഫീസര്‍ അടക്കം 39 ഡോക്‌ടർമാരെ ഇവിടെ ആവശ്യമാണ്. എന്നാല്‍ മറ്റു സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും മതിയായ ഡോക്ടര്‍മാരില്ലാത്ത സാഹചര്യത്തില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ പോലും ഡോക്ടര്‍മാരെ നിയമിക്കാനാകാത്ത സാഹചര്യമാണ്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ വേണ്ടതിനാല്‍ മറ്റ് മെഡിക്കല്‍ കോളജില്‍ നിന്നോ ആശുപത്രികളില്‍ നിന്നോ ഡെപ്യൂട്ടേഷനില്‍ നിയമനം നടക്കണം.
ജില്ലയില്‍ രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുമ്പോഴും മരണ നിരക്ക് ഉയരുമ്പോഴും സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി നോക്കുകുത്തിയാവരുതെന്ന ആവശ്യം പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമാണ്. ജീവനക്കാരെ നിയമിക്കുന്നതിന് പുറമെ ഒന്നേകാല്‍ കോടിയിലധികം രൂപയുടെ ഉപകരണങ്ങളും ആശുപത്രിയില്‍ സജ്ജീകരിക്കാനുണ്ട്. ഇതിന്‍റെ സജ്ജീകരണവും എങ്ങനെയാവണമെന്നതില്‍ വ്യക്തത വന്നിട്ടില്ല.