കാസര്‍കോട്: അമ്പിളിക്കല ചൂടി, ശിരസില്‍ ഗംഗയും കഴുത്തില്‍ വാസുകിയുമായി ധ്യാന നിരതനായ ദക്ഷിണ മൂര്‍ത്തിയുടെ ജീവന്‍ തുടിക്കുന്ന ശില്‍പം. മൂന്നര പതിറ്റാണ്ടുകാലത്തെ പാരമ്പര്യമുള്ള കാസര്‍കോട് തൃക്കരിപ്പൂര്‍ തലിച്ചാലത്തെ പി ബാലകൃഷ്‌ണനാണ് ക്ഷേത്രത്തിനായി ഈ അപൂര്‍വ ശില്‍പം ഒരുക്കുന്നത്. കണ്ണൂര്‍ പയ്യാവൂര്‍ മഹാദേവ ക്ഷേത്രത്തിലേക്കാണ് ആറടി ഉയരത്തിലുള്ള ദക്ഷിണ മൂര്‍ത്തിയുടെ ശില്‍പം.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടെ കേരളത്തിലെ മുന്നൂറില്‍പരം ക്ഷേത്രങ്ങളില്‍ ജീവന്‍ തുടിക്കുന്ന ശില്‍പങ്ങള്‍ തീര്‍ത്ത ശില്‍പിയാണ് ബാലകൃഷ്‌ണന്‍. ചിത്രകലാധ്യാപകനായ കുഞ്ഞിമംഗലം നാരായണനാണ് ബാലകൃഷ്‌ണന്‍റെ വഴികാട്ടിയും ഗുരുവും. ശില്‍പകലയിലെ വൈഭവം തിരിച്ചറിഞ്ഞ ഗുരു ശിഷ്യനെ പിന്നെ കൂടെ കൂട്ടുകയായിരുന്നു.
വെങ്കലം, കോണ്‍ക്രീറ്റ്, പ്ലാസ്റ്റര്‍ ഓഫ് പാരീസ് തുടങ്ങിയവയിലാണ് ബാലകൃഷ്‌ണന്‍ പ്രധാനമായും ശില്‍പങ്ങള്‍ ഒരുക്കുന്നത്. ക്ഷേത്രങ്ങളില്‍ ദേവീദേവന്‍മാരുടെ പ്രതിമകളാണ് നിര്‍മിച്ചു വരുന്നത്. ബുദ്ധന്‍, ഗാന്ധി, നെഹ്‌റു, ഇം.എം.എസ് തുടങ്ങി 100 ഓളം ചരിത്ര പുരുഷന്മാരുടെ പ്രതിമകള്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിര്‍മിച്ചിട്ടുണ്ട്.
കേരളത്തിലെ ഒന്‍പത് മഹാക്ഷേത്രങ്ങളിലൊന്നായ തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രത്തിലെ ദശാവതാരത്തിന്‍റെ ശില്‍പങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.