കാസര്‍കോട്: ന്യൂനപക്ഷങ്ങള്‍ക്കെതിരായ സംഘപരിവാര്‍ അക്രമം തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് കാസര്‍കോട് മണ്ഡലം കമ്മറ്റി ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. എസ്പി ഓഫീസിന് സമീപത്ത് വച്ച് പൊലീസ് ബാരിക്കേട് ഉപയോഗിച്ച് പ്രതിഷേധക്കാരെ തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാത്ത സാഹചര്യത്തില്‍ ജലപീരങ്കി പ്രയോഗിച്ചു.
കാസര്‍കോട് മുസ്ലീം ലീഗ് ഓഫീസില്‍ നിന്നുമാണ് മാർച്ച് ആരംഭിച്ചത്. മുന്‍ മന്ത്രി സി ടി അഹ്‌മദലിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തത്. മധൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തിന് നേരെ സംഘപരിവാര്‍ നടത്തുന്ന അക്രമങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുക, രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, പൊലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക, ജനങ്ങള്‍ക്ക് സമാധാനം ഉറപ്പ് വരുത്തി സ്വൈര്യ ജീവിതത്തിന് അവസരമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.