കാസർകോട്: ജില്ലയിലെ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. സിറ്റിങ് സീറ്റായ ബദിയെടുക്ക പതിനാലാം വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നേരിട്ടെത്തി പ്രചാരണം നടത്തിയ വാർഡായിരുന്നു ഇത്.
ബദിയടുക്കയില്‍ 39 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി ശ്യാമപ്രസാദ് വിജയിച്ചത്. ബിജെപിയുടെ കെ കൃഷ്‌ണ ഭട്ട് സേവന പ്രവർത്തനങ്ങൾക്കായി രാജി വച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എൽ.ഡി.എഫ് മൂന്ന് സീറ്റുകൾ നിലനിര്‍ത്തിയപ്പോള്‍ യു.ഡി.എഫാണ് ശേഷിക്കുന്ന രണ്ട് സീറ്റുകളില്‍ വിജയിച്ചത്.
രാഷ്ട്രിയ കോലാഹലങ്ങൾ നിലനിന്നിരുന്ന കുമ്പള പഞ്ചായത്തിലെ പെർവാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഎം സ്ഥാനാർഥി എസ്. അനിൽകുമാർ 189 വോട്ടിനാണ് ജയിച്ചത്. എൽഡിഎഫ് മുൻ അംഗം കുഗ്ഗു കൊലപാതക കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
കള്ളാര്‍ പഞ്ചായത്ത് 2-ാം വാര്‍ഡ് ആടകത്തിലേക്ക് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സണ്ണി അബ്രഹാം 33 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എൽഡിഎഫിന്‍റെ മുൻ അംഗം എ.ജെ ജോസ് അസുഖ ബാധിതനായതിനെ തുടർന്ന് രാജിവെച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.
കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ (വാർഡ്11) എൽഡിഎഫ് സ്ഥാനാർത്ഥി എൻ. ഇന്ദിര (സിപിഎം) 464 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. എൽഡിഎഫ് മുൻ അംഗം പി. ജാനകി കുട്ടി മരിച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. പള്ളിക്കര പഞ്ചായത്ത് 19-ാം വാർഡിൽ നടന്ന തെരഞ്ഞെടുപ്പിൽ സമീറ അബാസ് (ഐയുഎം എൽ) വിജയിച്ചു. 596 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സമീറ ജയിച്ചത്.