കാസർകോട് : കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍ വീണ്ടും ഡീസൽ ക്ഷാമം. ഇതേതുടർന്ന് മംഗളൂരു ഭാഗത്തേക്കുള്ള പത്ത് സർവീസുകളാണ് മുടങ്ങിയത്. ഇതോടെ വിഷയത്തിൽ പ്രതിഷേധവുമായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ രംഗത്തുവന്നു. കെ.എസ്.ആർ.ടി.സിയുടെ അനാസ്ഥ കാരണം ജനങ്ങൾ ദുരിതത്തിലാകുന്നുവെന്ന് എം.എൽ.എ പറഞ്ഞു.
ലോക്കൽ പർച്ചേസിലൂടെ ഡീസൽ വാങ്ങുന്നതിനാൽ സ്വകാര്യ പമ്പുടമയ്ക്ക് 40 ലക്ഷം രൂപയാണ് കുടിശ്ശികയായി കെ.എസ്.ആർ.ടി.സി നൽകാനുള്ളത്. പണം അടയ്ക്കാത്തതിനാൽ പമ്പുടമ ഇന്ധനം നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. കഴിഞ്ഞ മാസവും കാസർകോട് ഡിപ്പോയിൽ ഇന്ധന ക്ഷാമം രൂക്ഷമായിരുന്നു. സർവീസുകളും നിർത്തിവച്ചിരുന്നു.
കാഞ്ഞങ്ങാട് നിന്നും ഇന്ധനം എത്തിച്ചാണ് താത്കാലിക പരിഹാരം കണ്ടെത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള ഡിപ്പോകളിൽ ഒന്നാണ് കാസർകോട്.