കാസർകോട്: കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കല്ലൂരാവി യൂണിറ്റ് കമ്മിറ്റി അംഗം ഔഫ് അബ്‌ദു റഹ്മാനാണ്(27) മരിച്ചത്. ബുധനാഴ്‌ച രാത്രി പത്തോടെയാണ് സംഭവം. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി സുഹൃത്തിന്‍റെ കൈയിൽ നിന്ന് പണം വാങ്ങി ബൈക്കിൽ വരുമ്പോൾ കല്ലൂരാവി മുണ്ടത്തോട് വച്ച് തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു.നെഞ്ചിന് താഴെയായാണ് ആഴത്തിലുള്ള മുറിവേറ്റത് . കൂടെയുണ്ടായിരുന്ന സുഹൈബ് എന്ന യുവാവിനും അക്രമണത്തിൽ പരിക്കേറ്റു. മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .
ഗൾഫിലായിരുന്ന ഔഫ് കൊവിഡ് വ്യാപന സമയത്താണ് നാട്ടിൽ എത്തിയത്. അബ്‌ദുള്ള ദാരിമിയുടെയും ആയിഷയുടെയും മകനാണ്.ആലമ്പാടി ഉസ്‌താദിൻ്റെ മകളുടെ മകനാണ്. ഷാഹിനയാണ് ഭാര്യ. സഹോദരി ജുബരിയ.
മുസ്ലിം ലീഗിന് സ്വാധീനമുള്ള കല്ലൂരാവിയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നിരവധി ലീഗ് പ്രവർത്തകർ എൽ.ഡി.എഫിന് അനുകൂലമായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരു കുടുംബത്തെ ലീഗ് പ്രവർത്തകർ ആക്രമിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ എൽഡിഎഫ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു.