കാസര്‍കോട്: ഇടത് കോട്ടയായിരുന്ന കാസര്‍കോട് 40,438 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ വിജയിച്ചു കയറിയത്. ഉണ്ണിത്താന്‍റെ അട്ടിമറി വിജയം ഇടത് കോട്ടക്കുണ്ടാക്കിയ ക്ഷീണം ചെറുതല്ല. പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാത്തതും കേരളത്തിൽ ആഞ്ഞുവീശിയ യു ഡി എഫ് തരംഗവും ഇടതുമുന്നണിക്ക് തിരിച്ചടിയായി. പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകവും എല്‍ഡിഎഫിന്‍റെ തോൽവിക്ക് ആക്കം കൂട്ടി.
4,74,961 വോട്ട് ഉണ്ണിത്താനും 4,34,523 വോട്ട് സതീഷ് ചന്ദ്രനും 1,76,049 വോട്ട് രവീശതന്ത്രി കുണ്ടാറും നേടി. മഞ്ചേശ്വരം, കാസർകോട്, ഉദുമ നിയമസഭാ മണ്ഡലങ്ങളിൽ നേടിയ വമ്പിച്ച ഭൂരിപക്ഷമാണ് യു ഡി എഫിന്റെ വിജയം ഉറപ്പിച്ചത്. ഈ ലീഡ് ഇടതു ക്യാമ്പുകൾ നേരത്തെ കണക്കു കൂട്ടിയിരുന്നുവെങ്കിലും ഇതിനെ മറികടക്കും വിധം കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലങ്ങളിൽ നിന്ന് ലീഡ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
എന്നാല്‍ കല്യാശ്ശേരിയിൽ നിന്ന് എല്‍ഡിഎഫ് പ്രതീക്ഷിച്ച 25000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയില്ല. തൃക്കരിപ്പൂരിൽ 1899 ഉം കാഞ്ഞങ്ങാട് 2149 ഉം ആണ് എല്‍ഡിഎഫ് ലീഡ്. 26,131 വോട്ടിന്റെ ലീഡ് ലഭിച്ച പയ്യന്നൂർ മാത്രമാണ് പ്രതീക്ഷക്കൊത്ത് ഉയർന്നത്. ഒപ്പം പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകവും ന്യൂനപക്ഷ ഏകോപനവും ഇടതു ക്യാമ്പുകളുടെ പ്രതീക്ഷ തെറ്റിച്ചു. 35 വർഷത്തിന് ശേഷമാണ് കാസർകോടില്‍ യു ഡി എഫ് വിജയിക്കുന്നത്.