കാസർകോട്: ദലിത് വിദ്യാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ പ്രധാനാധ്യാപികയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ല സെഷൻസ് കോടതി തള്ളി. കാസര്‍കോട് കോട്ടമല സ്‌കൂളിലെ പ്രധാനാധ്യാപിക ഷേർളി ജോസഫിൻ്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. മുടി നീട്ടിവളർത്തിയെന്ന കാരണം പറഞ്ഞ് സ്‌കൂൾ അസംബ്ലിക്കിടെ അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ മുടി ബലമായി മുറിച്ചെന്നാണ് പരാതി.
കഴിഞ്ഞ മാസം 19 നാണ് കേസിനാസ്‌പദമായ സംഭവം. സംഭവത്തില്‍ പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ ഉൾപ്പെടെയുള്ള ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് പ്രധാനാധ്യാപികക്കെതിരെ പൊലീസ് കേസെടുത്തത്. കുട്ടിക്ക് നേരെയുള്ള അതിക്രമം ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം കഴിഞ്ഞ 26 ദിവസമായി ഒളിവിൽ കഴിയുന്ന അധ്യാപികയെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
കോട്ടമല സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് നേരെ കഴിഞ്ഞ മാസം 19നാണ് അതിക്രമം നടന്നത്. കേസിൽ നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരാനാണ് രക്ഷിതാക്കളുടെ തീരുമാനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ നിർദേശം നൽകിയിരുന്നു.
Also Read: അധ്യാപിക മുടി മുറിച്ച സംഭവം : വിദ്യാർഥി മറ്റൊരു സ്‌കൂളിലേക്ക് മാറി, പൊലീസിനെതിരെ ഗുരുതര ആരോപണം
ഇടപെട്ട് ബാലാവകാശ കമ്മിഷനും: സംഭവത്തില്‍ ബാലാവകാശ കമ്മിഷനും സ്വമേധയ കേസെടുത്തിരുന്നു. രക്ഷിതാവിന്‍റെ പരാതിയിലാണ് അധ്യാപികക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് ജാമ്യമില്ല കുറ്റം ചുമത്തി കേസെടുത്തത്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയുടെ മുടിയാണ് അധ്യാപിക വെട്ടിമാറ്റിയത്. കുട്ടി സ്‌കൂളിൽ വരാതായതോടെ എസ്‌സി പ്രൊമോട്ടർ അന്വേഷിച്ച് വന്നതോടെയാണ് സംഭവം പുറത്തുവന്നത്. ഇതോടെ വ്യാപക പ്രതിഷേധം ഉയരുകയായിരുന്നു. ഇതിനോടകം വിദ്യാർഥി മറ്റൊരു സ്‌കൂളിലേക്ക് മാറിയിരുന്നു.