കണ്ണൂർ: സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടാണ് ഡി.ഐ.ജി രാഹുൽ ആർ നായർ കാപ്പ സെക്ഷൻ 15 പ്രകാരം ഉത്തരവിട്ടത്.
ഇതുസംബന്ധിച്ച് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആര്‍. ഇളങ്കോ ഡി.ഐ.ജിക്കും കലക്‌ടര്‍ക്കും റിപ്പാർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഉത്തരവ് ഇറങ്ങിയത്. ഓപ്പറേഷൻ കാവലിന്‍റെ ഭാഗമായാണ് പൊലീസ് നടപടി.
സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളുള്ള അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയെന്നാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്നു എന്നുകാട്ടി ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് കാപ്പ ശിപാർശ എന്നതും ശ്രദ്ധേയമാണ്.
ഡിവൈഎഫ്ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അർജുൻ. സിപിഎം-മുസ്ലിം ലീഗ്, സിപിഎം-ബിജെപി സംഘർഷങ്ങളിൽ പ്രതിസ്ഥനാനത്തുണ്ടായിരുന്ന ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കി.
പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അർജുൻ ഇതിനെ മറയാക്കി സ്വർണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞു. ഇതിന് ഇടയിലാണ് കാപ്പ ചുമത്തുന്നത്.