കാസർകോട്: കല്യോട്ട് ഇരട്ടക്കൊലപാതക വിഷയം ഉന്നയിച്ച് തുടർ സമരങ്ങൾക്കൊരുങ്ങി കോൺഗ്രസ്. കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവിട്ടിട്ടും കേസ് ഡയറി നൽകാത്ത ക്രൈംബ്രാഞ്ച് നടപടിയിൽ പ്രതിഷേധിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താൻ എം.പിയുടെ ഉപവാസ സമരം ആരംഭിച്ചു. പെരിയ ഇരട്ടക്കൊലപാതക കേസിൽ കേസ് ഡയറി എത്രയും വേഗം സി.ബി.ഐക്ക് കൈമാറുക, പ്രതികളെ പൊതു ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവാക്കി രക്ഷിക്കാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് 24 മണിക്കൂർ ഉപവാസം നടത്തുന്നത്. കല്യോട്ട് സ്‌മൃതി മണ്ഡപത്തിൽ കൃപേഷിന്‍റെ അച്ഛൻ കൃഷ്‌ണനും ശരത് ലാലിന്‍റെ അച്ഛൻ സത്യനാരായണനും എം.പിക്കൊപ്പം ഉപവാസം അനുഷ്‌ഠിക്കുന്നുണ്ട്.
കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉപവാസ സമരം ഉദ്ഘാടനം ചെയ്‌തു. ഉത്തര കേരളത്തിലെ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ ആസൂത്രകൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വാടിക്കൽ രാമകൃഷ്‌ണനെ കൊലപ്പെടുത്തിയ പിണറായി വിജയൻ സംസ്ഥാനം ഭരിക്കുമ്പോൾ അക്രമങ്ങൾ തുടർക്കഥയാവുകയാണെന്നും കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ പിണറായി തന്നെ മനസുവെക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. വിഷയത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം.