കാസര്‍കോട്: കേരളത്തിലെ ഏറ്റവും പൊക്കം കൂടിയ പാലമായ ആയംകടവ് പാലം നാളെ നാടിന് സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പാലം നാടിന് സമര്‍പ്പിക്കും. പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും ചടങ്ങില്‍ പങ്കെടുക്കും. പുല്ലൂര്‍-പെരിയ, ബേഡഡുക്ക പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ആയംകടവ് പാലം. ഇരുമലകളെ ബന്ധിപ്പിക്കുന്നുവെന്നതാണ് പാലത്തിന്റെ പ്രത്യേകത. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഈ പാലം പ്രതിസന്ധികളെ അതിജീവിച്ച് കഴിഞ്ഞ ഏപ്രിലിലാണ് നിര്‍മാണം പൂര്‍ത്തിയായത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു. പ്രദേശവാസികളായ കുടുംബങ്ങള്‍ സൗജന്യമായി വിട്ടുകൊടുത്ത സ്ഥലത്താണ് പാലം പണിതത്.
കാസര്‍കോട്ടെ ഗ്രാമങ്ങളുടെ പിന്നോക്കാവസ്ഥയെപ്പറ്റി പഠനം നടത്തിയ പ്രഭാകരന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തതാണ് ആയംകടവ് പാലം. പാലം തുറന്നു കൊടുക്കുന്നതോടെ പ്രദേശത്തെ ടൂറിസം സാധ്യതകള്‍ക്കും പ്രതീക്ഷ ഏറെയാണ്. പാലത്തിന്റെ കീഴ്ഭാഗത്ത് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഉള്‍പ്പെടെ നിര്‍മിക്കാന്‍ ഡിടിപിസി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പാലത്തിന്റെ പരിസരങ്ങളില്‍ പൂന്തോട്ടം, ഇരിപ്പിടങ്ങള്‍, കണ്ണാടിപ്പാലം എന്നിവയും പദ്ധതി വിഭാവനം ചെയ്യുന്നു. പാലത്തിന്റെ അടിത്തട്ടില്‍ സമാന്തരമായി അതേ നീളത്തില്‍ രണ്ട് പേര്‍ക്ക് ഒരേ സമയം നടന്നുപോകാവുന്ന വിധമാണ് പുതുതായി കണ്ണാടിപ്പാലം പണിയുക.