കാസർകോട്: കാസര്‍കോട് കീഴൂരില്‍ ബോട്ട് അപകടത്തില്‍ കടലില്‍ കുടുങ്ങിയ അഞ്ചു പേരെയും കരക്കെത്തിച്ചു. തിരുവനന്തപുരം സ്വദേശികളായ ദായിറാസ്, ശ്യാം, ജിമ്മി, കുമാര്‍, ഈശ്വര്‍ ഭായി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ആര്‍ക്കും കാര്യമായി ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല. ബുധനാഴ്ച സന്ധ്യയോടെയാണ് മടക്കരയിൽ നിന്നും മൽസ്യ ബന്ധനത്തിന് പുറപ്പെട്ട ബോട്ട് തീരത്ത് നിന്നും 15 നോട്ടിക്കൽ മൈൽ അകലെയാണ് അപകടത്തിൽ പെട്ടത്. വിവരമറിഞ്ഞ ഉടൻ തീരദേശ പൊലീസ് കടലിൽ തെരച്ചിൽ ആരംഭിച്ചു. പട്രോളിങ് നടത്തുകയായിരുന്ന കോസ്റ്റ് ഗാർഡ് സംഘവും രക്ഷാപ്രവർത്തനത്തിനെത്തി. പുലർച്ചെയോടെ മത്സ്യത്തൊഴിലാളികളെ കരക്കെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി.
അതേസമയം രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് മല്‍സ്യത്തൊഴിലാളികള്‍. അപകടത്തില്‍ ബോട്ട് രണ്ടായി മുറിഞ്ഞിരുന്നു. ബോട്ട് കടലില്‍ കുടുങ്ങി കിടക്കുന്നതായി ഹാം റേഡിയോ വഴി ലഭിച്ച വിവരമാണ് രക്ഷാപ്രവർത്തനത്തിന് സഹായകമായത്. ബോട്ടിന്‍റെ മുറിഞ്ഞ ഭാഗം വെളളത്തില്‍ പൊങ്ങികിടന്നിരുന്നു. ഇതിലാണ് അഞ്ചു മത്സ്യ തൊഴിലാളികളും പിടിച്ചു നിന്നത്. അപകടത്തില്‍പെട്ട മത്സ്യത്തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി മറ്റൊരു ബോട്ടിലേക്ക് മാറ്റുകയായിരുന്നു.