കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതികളായ മഞ്ചേശ്വരം മുൻ എംഎൽഎ എം.സി കമറുദീന്‍റേയും ജ്വല്ലറി എംഡി പൂക്കോയ തങ്ങളുടെയും വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്‌ഡ്. കമറുദീന്‍റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലും ഇരുവരുടെയും ബന്ധുവീടുകളിലും ഉൾപ്പെടെ എട്ടിടങ്ങളിലാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്.
ജ്വല്ലറിയുമായി ബന്ധപ്പെട്ട ഇടപാടുകളുടെ രേഖകൾ വീണ്ടെടുക്കുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യമെന്നാണ് സൂചന. കേസിൽ പ്രതിചേർക്കപ്പെട്ട് നിലവിൽ ജാമ്യത്തിലാണ് ഇരുവരും. ഫാഷൻ ഗോൾഡ് കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് വ്യാപക പരിശോധന നടത്തുന്നത്.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പില്‍ ആകെ 166 കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. എണ്ണൂറോളം പേർ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകള്‍ അടച്ച് പൂട്ടിയിരുന്നു. എന്നാൽ നിക്ഷേപകർക്ക് പണം തിരിച്ച് നൽകിയില്ല. പണം തിരിച്ച് ലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകർ പരാതി നൽകുകയായിരുന്നു.
Also read: ടിക്കറ്റ് ഇല്ലാത്തത് ചോദ്യം ചെയ്‌തു; ടിടിഇയ്ക്ക് അതിഥി തൊഴിലാളികളുടെ ക്രൂര മർദനം