കാസർകോട്: സാമൂഹ്യക്ഷേമ പദ്ധതികൾ നിരവധി ഉണ്ടെങ്കിലും അതിൽ ഒന്നിൽ നിന്നും സഹായം ലഭിക്കാതെ നിസഹായരായി ഒരു കുടുംബം. തലചായ്ക്കാൻ ഒരുതുണ്ട് ഭൂമി സ്വന്തമായി ഇല്ലാത്ത ഈ വൃദ്ധ ദമ്പതികൾ ദുരിത ജീവിതം നയിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. അജാനൂർ നാലപ്പാടത്തെ തമ്പാൻ, കാർത്യായയനി വൃദ്ധ ദമ്പതിമാർ സ്വന്തമായി ഒരു വീടെന്ന സ്വപ്നമായി ജീവിക്കുകയാണ്.
സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലാത്ത ഈ വൃദ്ധ ദമ്പതിമാർ കഴിഞ്ഞ പതിനേഴു വർഷമായി വാടകവീടുകൾ പലത് മാറി താമസിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് മിച്ച ഭൂമിക്കായി അപേക്ഷ നൽകി സ്ഥലം പാസായിരുന്നുവെങ്കിലും സാങ്കേതിക കുരുക്കിൽ അതും ലഭിച്ചില്ല. ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷിച്ചിരുന്നുവെങ്കിലും സ്വന്തമായി സ്ഥലമില്ലെന്ന കാരണത്താൽ അതും നിഷേധിക്കപ്പെട്ടതോടെയാണ് ഇവർ തീർത്തും നിരാശരായത്.
എന്നാൽ ഇവർക്ക് ആകെക്കൂടിയുള്ള റേഷൻ കാർഡ് പൊതുവിഭാഗത്തിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്. 68 വയസുള്ള തമ്പാൻ ശ്വാസംമുട്ട് കാരണവും മറ്റ് ശാരീരിക അവശതകൾ മൂലവും ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണ്. 65 കാരിയായ കാർത്ത്യായനിയമ്മ ശരീരത്തിന്‍റെ ഒരു ഭാഗം തളർന്ന നിലയിലുമാണ്. കൂലിവേല ചെയ്യുന്ന മകന്‍റെ വരുമാനം മരുന്നിനോ മറ്റു ദൈനംദിന ആവശ്യങ്ങൾക്കോ തികയില്ല. റവന്യൂ മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ഉൾപ്പെട്ടിരിക്കുന്ന തങ്ങളെ സഹായിക്കണമെന്ന് മാത്രമാണ് ഈ പാവങ്ങൾക്ക് പറയാനുള്ളത്.