കാസര്‍കോട് : സംസ്ഥാനത്ത് കെഎസ്ആര്‍ടിസിക്ക് മികച്ച വരുമാനം ലഭിക്കുന്ന കാസര്‍കോട് ഡിപ്പോയില്‍ ഇന്ധനക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് മംഗലാപുരത്തേക്കുള്ള മൂന്ന് സര്‍വീസുകള്‍ മുടങ്ങി. ഡീസല്‍ എത്തിയില്ലെങ്കില്‍ സര്‍വീസുകള്‍ പൂര്‍ണമായും നിലയ്‌ക്കുന്ന സാഹചര്യമാണ് നിലവില്‍. എന്നാല്‍ ഇന്ന് വൈകിട്ടോടെ (04.03.2022) ആവശ്യമുള്ള ഇന്ധനം എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഡീസല്‍ ലഭിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവയ്‌ക്കേണ്ട സ്ഥിതിയിലാണ് കെ എസ് ആര്‍ ടി സി. ഡിപ്പോയില്‍ ശനിയാഴ്‌ചയാണ് അവസാനമായി ഡീസല്‍ എത്തിയത്. ഞായറാഴ്‌ച (03 ഏപ്രില്‍ 2022) ഡീസല്‍ കുറവായതിനാല്‍ ചില സര്‍വീസുകള്‍ മുടങ്ങിയിരുന്നതായും ജീവനക്കാര്‍ പറയുന്നു.
66 സർവീസുകളാണ് കാസർകോട് ഡിപ്പോയിൽ നിന്ന് ദിനംപ്രതി സര്‍വീസ് നടത്തുന്നത്. 6500 ലിറ്റർ ഡീസലാണ് ഒരു ദിവസം ആവശ്യം. എന്നാല്‍ ഡീസല്‍ മുഴുവനായും തീര്‍ന്ന സ്ഥിതിയാണ് നിലവില്‍.
കാഞ്ഞങ്ങാട് കെ എസ് ആര്‍ ടി സി ഡിപ്പോയിലും സ്ഥിതി സമാനമാണ്. കെഎസ്ആർടിസിക്കുള്ള ഡീസലിന് എണ്ണ കമ്പനികൾ വില കുത്തനെ കൂട്ടിയതാണ് ഡീസൽ ക്ഷാമത്തിന് കാരണം. ക്ഷാമം മറികടക്കാന്‍ സ്വകാര്യ പമ്പുകളെ ആശ്രയിച്ചുള്ള പകരം സംവിധാനവും ഇപ്പോൾ തേടുന്നുണ്ട്.