കാസർകോട്: ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകാൻ തീരുമാനം. സെപ്റ്റംബർ 21 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. കോർ കമ്മിറ്റി തീരുമാന പ്രകാരം മരണം, വിവാഹം ഉൾപ്പെടെയുള്ള പൊതു സ്വകാര്യ ചടങ്ങുകളിൽ പരമാവധി 100 പേരെ പങ്കെടുപ്പിക്കാം. എന്നാൽ രാഷ്ട്രീയ പരിപാടികളേയും പൊതു യോഗങ്ങളേയും സംബന്ധിച്ച് രാഷ്ട്രീയ കക്ഷികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ തീരുമാനമെടുക്കും.
ബേക്കൽ കോട്ട അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറക്കും. ഒരു സമയം 100 പേർക്ക് മാത്രമാകും പ്രവേശനം. ബിആർഡിസിയുടെ റിസോർട്ടുകളും ഹോം സ്റ്റേകളും 21 മുതൽ തുറന്ന് പ്രവർത്തിക്കാം. ഇവിടെ എത്തുന്നവർക്ക് ആന്‍റിജൻ പരിശോധനയും തെർമൽ സ്കാനിംഗും നടത്തണം. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇവയുടെ പ്രവർത്തനം. ഇതേ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഹൗസ് ബോട്ടുകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകി. കാസർകോട് നിന്നും മംഗലാപുരം, പഞ്ചിക്കൽ റൂട്ടിൽ ഓൺ ഡിമാൻഡ് അടിസ്ഥാനത്തിൽ കെഎസ്‌ആർടിസി സർവ്വീസുകൾ നടത്തും. ഇത് പ്രകാരം സേവനം ലഭ്യമാക്കാൻ കെഎസ്‌ആർടിസി ഓൺലൈൻ ബുക്കിംഗ് സംവിധാനം ഉപയോഗിച്ച് റിസർവ് ചെയ്യണം. ഒരു ബസിൽ 40 പേരായൽ സർവ്വീസ് ആരംഭിക്കും.