കാസര്‍കോട്: സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ വിള ഇന്‍ഷുറന്‍സ് ചെയ്യപ്പെട്ട ജില്ലയായി കാസര്‍കോട്. ഇതിന്റെ പ്രഖ്യാപനം കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ജനുവരി ഒമ്പതിന് നടത്തും.
വരള്‍ച്ച, വെള്ളപ്പൊക്കം, ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂകമ്പം, കടലാക്രമണം, കൊടുങ്കാറ്റ്, കാട്ടുതീ, വന്യമൃഗങ്ങളുടെ ആക്രമണം തുടങ്ങിയ പ്രകൃതിക്ഷോഭത്തില്‍പ്പെട്ട് ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതിയാണ് വിള ഇന്‍ഷുറന്‍സ്.പദ്ധതിയില്‍ ചേരുന്ന കര്‍ഷകര്‍ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന പ്രീമിയം തുക അടക്കണം. പ്രീമിയം തുക അടച്ച ദിവസം മുതല്‍ ഏഴ് ദിവസങ്ങള്‍ക്ക് ശേഷം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.
സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ 2019 ജൂലൈ ഒന്ന് മുതല്‍ ഏഴ് വരെ സംസ്ഥാന വിള ഇന്‍ഷുറന്‍സ് വാരാചരണം സംഘടിപ്പിതോടെ ലഭിച്ച സ്വീകാര്യതയാണ് പദ്ധതിയെ കൂടുതല്‍ ജനകീയമാക്കിയത്. ജില്ലയിലെ കൃഷിഭവനുകള്‍ മുഖേന നടത്തിയ തീവ്ര യജ്ഞ പരിപാടിയിലൂടെയാണ് വിള ഇന്‍ഷുറന്‍സ് ജനകീയമായത്. ജില്ലയില്‍ കൃഷി മുഖ്യ ഉപജീവനമാക്കിയ മുഴുവന്‍ കര്‍ഷകരും വിളകള്‍ യഥാസമയം ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്. 2017-18 വര്‍ഷം 6,286 പേരും 2018-19 വര്‍ഷം 5,061 പേരും അംഗത്വം നേടിയ പദ്ധതിയില്‍ 2018-19 വര്‍ഷം നൂറ് ശതമാനം ആളുകളും അംഗങ്ങളാവുകയായിരുന്നു.