കാസർകോട്: കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കാസർകോട് ജില്ലാതല കൊറോണ കോര്‍ കമ്മിറ്റിയുടെ തീരുമാനം. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കടയുടമയ്ക്കും ഗ്ലൗസ്, മാസ്‌ക് എന്നിവ കര്‍ശനമാക്കി. സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്നത് വ്യാപാര സ്ഥാപനങ്ങള്‍ വഴിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
വീഴ്‌ച വരുത്തുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പൊലീസിനെയും മാഷ് പദ്ധതി അധ്യാപകരെയും യോഗം ചുമതലപ്പെടുത്തി. ഇതില്‍ വീഴ്‌ച വരുത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഒരാഴ്‌ചത്തേക്ക് അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികളും സ്വീകരിക്കും. അതേസമയം ജില്ലയില്‍ വിവാഹത്തിന് ആകെ 50 പേര്‍ക്കും മറ്റു ചടങ്ങുകള്‍ക്ക് ആകെ 20 പേര്‍ക്കും മാത്രമേ പങ്കെടുക്കാന്‍ അനുമതിയുണ്ടാകൂ.
കാണികളും കളിക്കാരും ഉള്‍പ്പെടെ 20 പേരെ മാത്രം ഉള്‍പ്പെടുത്തികൊണ്ട് മാസ്‌ക് ധരിച്ച് കായിക വിനോദത്തിനും അനുമതി നല്‍കി. കൊവിഡ് നിര്‍വ്യാപനത്തിനായി തലപ്പാടി ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിക്ക് മറ്റ് യൂണിഫോം തസ്‌തികയിലുള്ളവരെയും നിയോഗിക്കും. മോട്ടോര്‍ വാഹന വകുപ്പ്, ഫയര്‍ഫോഴ്‌സ്, എക്സൈസ്, ഫോറസ്റ്റ് എന്നീ വകുപ്പുകളിലെ യൂണിഫോം തസ്‌തികയിലുള്ളവരെയായിരിക്കും ഡ്യൂട്ടിക്ക് നിയോഗിക്കുക. കൊവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷിത യാത്രയ്ക്ക് വഴിയൊരുക്കി കെഎസ്ആര്‍ടിസി ജില്ലയില്‍ നടപ്പിലാക്കിയ ബോണ്ട് (ബസ് ഓണ്‍ ഡിമാന്‍റ് ) പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.