കാസര്‍കോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിദഗ്‌ദ സംഘം കാസര്‍കോട്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് ആശുപത്രികളിലടക്കം സന്ദര്‍ശനം നടത്തിയത്. ഇവര്‍ പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ഇതിനിടെ പുതുതായി ഒരാളെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 94 ആയി. ഇവരില്‍ 91 പേര്‍ ചൈനയില്‍ നിന്ന് വന്നവരും മൂന്ന് പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവരുമാണ്.
കാസര്‍കോട് നിന്ന് അയച്ച 17 സാമ്പിളുകളില്‍ അഞ്ചെണ്ണത്തിന്‍റെ ഫലമാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിച്ചത്. 12 പേരുടെ സാമ്പിള്‍ പരിശോധന ഫലം കിട്ടേണ്ടതുണ്ട്. കൊറോണയെ നേരിടാൻ ജില്ലാ ആശുപത്രിയില്‍ പ്രത്യേക മെഡിക്കല്‍ ടീം രൂപീകരിച്ചു. ഇതുവരെ ഒരാള്‍ക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവശ്യമായ സാധനസാമഗ്രികള്‍ എല്ലാ ആശുപത്രികളിലും എത്തിച്ചു. ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി.
നിരീക്ഷണത്തിലുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളെ സ്‌കൂളുകളിലേക്കും കോളജുകളിലേക്കും അയക്കേണ്ടതില്ലെന്നും അവര്‍ക്ക് ഹാജര്‍ സംബന്ധിച്ച് പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച വീട്ടില്‍ പക്ഷി-മൃഗാദികളില്ലാത്തതിനാല്‍ അത്തരത്തിലുള്ള ആശങ്ക വേണ്ട. ചൈന ഉള്‍പ്പെടെയുള്ള കൊറോണ ബാധിത രാജ്യങ്ങളില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ ആരും തന്നെ കാസര്‍കോട് ജില്ലയിലെ ഹോട്ടലുകളില്‍ താമസിക്കുന്നില്ലെന്നും പരിശോധനയിലൂടെ ഉറപ്പുവരുത്തി. 29 ഹോട്ടലുകള്‍, 23 ഹോം സ്റ്റേ, 26 ഹൗസ് ബോട്ടുകള്‍ എന്നിവയാണ് പരിശോധിച്ചത്.